

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ, ചികിത്സയിലുണ്ടായിരുന്ന രോഗികൾ മരിച്ചുവെന്ന് ആരോപണം. ഗുരുതരാവസ്ഥയിലായിരുന്ന അഞ്ച് രോഗികൾ മരിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. നെയ്യാറ്റിൻകര, ഓയൂർ സ്വദേശികളുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തുവന്നത്.
മാർച്ച് 17നാണ് മൾട്ടി സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ സർജറി ഐസിയുവിലെ വെന്റിലേറ്ററിന് തീപിടിച്ചത്. ന്യൂറോ - ജനറൽ വിഭാഗത്തിലെ 33 രോഗികളെ തീപിടിത്തത്തെ തുടർന്ന് ഇവിടെ നിന്നും മാറ്റിയിരുന്നു. സംഭവത്തിന് പിന്നാലെ രോഗികൾ മരിച്ചതോടെ ആരോപണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു. അതേസമയം ബന്ധുക്കളുടെ ആരോപണം മെഡിക്കൽ കോളേജ് അധികൃതർ തള്ളി. വെന്റിലേറ്റർ നൽകിയാണ് രോഗികളെ മാറ്റിയതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
നെയ്യാറ്റിൻകര സ്വദേശിയായ സനീഷിനെ ബൈക്ക് അപകടത്തെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. തീപിടിത്തമുണ്ടായ ഐസിയുവിലായിരുന്നു സനീഷിനെ അഡ്മിറ്റ് ചെയ്തിരുന്നത്. സംഭവത്തിന്‍റെ അന്ന് രാവിലെ വരെ സനീഷിന് ഭക്ഷണം നൽകിയിരുന്നുവെന്നും പിറ്റേന്ന് മരണം സ്ഥിരീകരിച്ചെന്നുമാണ് കുടുംബം പറയുന്നത്. തീപിടിത്തതിന് പിന്നാലെ ഐസിയുവിൽനിന്ന് മാറ്റുമ്പോൾ ഇവർക്ക് വെന്റിലേറ്റർ സൗകര്യം നൽകുന്നതിൽ വീഴ്ച ഉണ്ടായോ എന്നതാണ് കുടുംബം ഉന്നയിക്കുന്ന ആശങ്ക. എന്നാൽ ഇവിടെ പ്രവേശിപ്പിച്ച രോഗികൾ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്.
ഓട്ടോറിക്ഷ അപകടത്തിന് പിന്നാലെയാണ് ഓയൂർ സ്വദേശിയായ കൃഷ്ണൻകുട്ടി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ തീപിടിത്തം ഉണ്ടായതിന് പിന്നാലെയുണ്ടായ മരണത്തിൽ ആശങ്ക ഉന്നയിക്കുകയാണ് കുടുംബം.
ഐസിയുവിലെ വെന്റിലേറ്ററിൽനിന്നുണ്ടായ തീപിടിത്തത്തിന് പിന്നാലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് രോഗികളെ തൊട്ടടുത്തുള്ള മറ്റൊരു ഐസിയുവിലേക്ക് മാറ്റിയിരുന്നു. മാറ്റിയവർക്കൊന്നും പരിക്കുകളോ പ്രശ്‌നങ്ങളോ ഇല്ലെന്നും ഇവരെയെല്ലാം പരിശോധിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
Content Highlights: Allegations have been made that patients have died following a fire in the ICU of the emergency department of Thiruvananthapuram Medical College