

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. എന്‍എസ്‌യു ദേശീയ അദ്ധ്യക്ഷന് രാജിക്കത്ത് കൈമാറി. കെഎസ്‌യു സംസ്ഥാന ഭാരവാഹികളെ പരിഗണിച്ചില്ലെന്നും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയില്ലെന്നുമാണ് രാജിക്കത്തില്‍ കാരണമായി പറയുന്നത്. അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ അഞ്ച് പേരുകളാണ് കെഎസ്‌യു നിര്‍ദേശിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെ രണ്ട് ഭാരവാഹികളെയാണ് മത്സരിപ്പിച്ചത്.
അലോഷ്യസിനെ ആദ്യം പീരുമേട്ടിലാണ് പരിഗണിച്ചിരുന്നത്. എന്നാൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം എതിർപ്പ് അറിയിക്കുകയായിരുന്നു. ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള ആളെ മതിയെന്ന് പ്രാദേശിക നേതൃത്വം നിലപാട് എടുത്തിരുന്നു.
തുടർന്നാണ് ഇടുക്കി മണ്ഡലത്തിൽ പരിഗണിച്ചത്. ഇടുക്കിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പട്ടികയിൽ ഉള്ളതിനാൽ ഇടുക്കിയിലും തഴയപ്പെടുകയായിരുന്നു.
രാജി അറിയിച്ചുള്ള അലോഷ്യസ് സേവ്യറുടെ കത്ത്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാലയളവിൽ, പാർട്ടിയുടെ മൂല്യങ്ങൾക്കും, ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും വേണ്ടി അനവധി സമരങ്ങൾ നയിക്കാൻ എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ പത്ത് വർഷങ്ങളായി സംസ്ഥാനത്ത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തെരുവുകളിൽ പോരാടി, പോലീസ് അതിക്രമങ്ങൾ നേരിട്ട്, ജയിലുകളിൽ കിടന്നത് കെ.എസ്.യു വും പ്രവർത്തകരാണ്.
എന്നാൽ, ഈ സമരങ്ങളുടെ ആത്മാവും ത്യാഗവും പരിഗണിക്കാതെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് അർഹമായ പ്രാതിനിധ്യം നൽകാതിരുന്നതിൽ ഞാൻ അതീവ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കേണ്ട ഈ ഘട്ടത്തിൽ, അവരുടെ സ്വരവും ത്യാഗവും അവഗണിക്കപ്പെട്ടത് സംഘടനയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന കാര്യമാണ്.
കെ.എസ്.യു പ്രവർത്തകരുടെ രക്തവും വിയർപ്പും ചേർന്ന പോരാട്ടങ്ങളുടെ ഫലമായി വളർന്ന ഈ പ്രസ്ഥാനത്തിന് നീതിയുള്ള പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ, സംഘടനയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിനായി ഞാൻ എന്റെ സ്ഥാനത്ത് തുടരുന്നത് യുക്തിസഹമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് ഞാൻ രാജിവെക്കുന്നതായി അറിയിക്കുന്നു. പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ ഈ വിഷയത്തിന്റെ ഗൗരവം എത്തിക്കുകയും, ഭാവിയിൽ യുവജനങ്ങൾക്ക് കെ എസ് യു പ്രവർത്തകർക്കും യഥാർത്ഥ അംഗീകാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയും രേഖപ്പെടുത്തുന്നു.
വരാനിരിക്കുന്ന തലമുറയിലെ കെഎസ്‍യു പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടി എന്റെ രാജി സമർപ്പിക്കുന്നു….!
വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ കെ എസ് യു പ്രവർത്തകരും തങ്ങളുടെ നിയോജകമണ്ഡലത്തിൽ സജീവമായി പ്രവർത്തനം നടത്തി ഈ മുന്നണിയെ അധികാരത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർഥിക്കുന്നു.
Content Highlights: KSU state president aloshious xavier resigns due to not being given candidacy