

പാലക്കാട്: എല്‍ഡിഎഫ് ഘടകകക്ഷിയായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐഎസ്‌ജെഡി) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ്, എറണാകുളത്ത് സാബു ജോര്‍ജ് തിരുവല്ലയില്‍ അഡ്വ. മാത്യു ടി തോമസ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന കോവളം സീറ്റില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തിങ്കളാഴ്ച നടത്തും. കോവളം സീറ്റില്‍ തര്‍ക്കമുണ്ടെന്നും പ്രശ്‌നങ്ങള്‍ ഇന്നുതന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെത്തന്നെ കോവളത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ മത്സരിക്കാൻ തീരുമാനമായി. കുട്ടനാട്ടിൽ നിലവിലെ എംഎൽഎയായ തോമസ് കെ തോമസ് തന്നെ മത്സരിക്കും. എൻസിപിയുടെ സ്ഥാനാർത്ഥി പട്ടിക ശരത് പവാർ എൽഡിഎഫ് കൺവീനർക്ക് കൈമാറി.
ഭിന്നതയും വിഭാഗീയതയ്ക്കുമിടെയാണ് എൻസിപിയിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായത്. എ കെ ശശീന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശശീന്ദ്രൻ മണ്ഡലം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കേണ്ട ഇന്ന് മുക്കം മുഹമ്മദ് പ്രത്യേക കൺവെൻഷനും വിളിച്ചുചേർത്തിരുന്നു. ശശീന്ദ്രനെതിരെ രൂക്ഷവിമർശനമാണ് കൺവെൻഷനിൽ ഉണ്ടായത്. തന്റെ പേരാണോ പ്രശ്നം എന്നാണ് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിൽ മുക്കം മുഹമ്മദ് ചോദിച്ചത്. പിന്നാലെ മുക്കം മുഹമ്മദിനെ എൻസിപി സ്ഥാനാർത്ഥിയാക്കണം എന്ന പ്രമേയം അവതരിപ്പിച്ചിരുന്നു.
ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടാണ് എൻസിപിയിൽ പ്രധാനമായും പ്രശ്നങ്ങൾ ഉടലെടുത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന എന്‍സിപി യോഗത്തിൽ നിന്ന് ശശീന്ദ്രനോട് മാറിനിൽക്കാൻ പി സി ചാക്കോ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ശശീന്ദ്രൻ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
Content Highlights: Indian Socialist Janata Dal has announced its candidates