

കൊച്ചി: എംപിമാർ മത്സരിക്കുന്നത് നിലവിൽ ആവശ്യമില്ലാത്ത കാര്യമാണെന്ന് കെ ബാബു എംഎൽഎ. ഇത് വീണ്ടും ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കുകയും പ്രവർത്തകർക്കുപോലും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുമെന്നും കെ ബാബു പറഞ്ഞു. മത്സരിക്കാൻ ഒരാൾക്ക് അനുവാദം കൊടുത്താൽ മറ്റുള്ളവരും അതേ കാര്യം ആവശ്യപ്പെടും. അതിനാൽതന്നെ എംപിമാർ മത്സരിക്കുന്നത് നിലവിൽ അഭികാമ്യമല്ല എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ സ്ഥാനാർത്ഥിത്വ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു കെ ബാബുവിന്റെ പ്രതികരണം.
ബിജെപി ഏറ്റവും ദുർബലമാകുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നും കെ ബാബു അഭിപ്രായപ്പെട്ടു. ലൂസേഴ്‌സ് ഫൈനലിൽ കോൺഗ്രസും സിപിഐഎമ്മും തമ്മിലായിരിക്കും. തൃപ്പൂണിത്തുറയിൽ പല പേരുകളും താൻ കേൾക്കുന്നുണ്ട്. ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥിയെ ഹൈക്കമാന്റും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും കണ്ടെത്തുമെന്നാണ് കരുതുന്നത്. ആരുടെയും പേര് താൻ നിർദേശിക്കുന്നില്ല. ആരുടെയും പേര് പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെ ബാബു പറഞ്ഞു. അതേസമയം മണ്ഡലത്തിൽ ആര് വന്നാലും സ്വാഗതം ചെയ്യുമെന്നും ദീപക് ജോയി കൂടുതൽ ഇഷ്ടമുള്ള ആളാണെന്നും കെ ബാബു പറഞ്ഞു.
കണ്ണൂരിൽ മത്സരിക്കുമെന്ന് കെ സുധാകരൻ സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെ വെട്ടിലായിരിക്കയാണ് കോൺഗ്രസ് നേതൃത്വം. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. എന്നാൽ ഇതിൽ അതൃപ്തനായ കെ സുധാകരൻ വൈകാരികമായി പ്രതികരിച്ച് കഴിഞ്ഞ ദിവസം കണ്ണൂരിനെ കുറിച്ച് കുറിപ്പും പങ്കുവെച്ചിരുന്നു. എന്നാൽ ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനിക്കും എന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെയും നിലപാട്.
Content Highlights: Congress leader K Babu says it is not advisable for MPs to contest at present