

തൃശ്ശൂർ: സിപിഐ വിട്ട സി സി മുകുന്ദനെ നാട്ടികയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനം വൈകുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മൂന്ന് ദിവസം കൂടി കാത്തിരിക്കാനാണ് മുകുന്ദന്റെ തീരുമാനം. മറുപടി അനുകൂലമല്ലെങ്കില്‍ തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ച് ചേര്‍ക്കാനും ആലോചന ഉണ്ട്. മുന്നണികളുടെ പിന്‍ബലമില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് ഒരു വിഭാഗം മുകുന്ദനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുകുന്ദനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബിജെപിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ സി സി മുകുന്ദന്‍ ഡല്‍ഹിയിലെത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനം അറിയിക്കാന്‍ കഴിയൂ എന്നായിരുന്നു നേതാക്കളുടെ മറുപടി. നാട്ടികയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അടക്കം സി സി മുകുന്ദനെതിരായ വികാരം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പിന്തുണ നല്‍കുമോ എന്ന കാര്യം അനിശ്ചിതത്വത്തില്‍ തുടരുകയാണ്.
പേയ്മെന്റ് സീറ്റ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നാട്ടിക എംഎല്‍എയും നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ സിപിഐ പുറത്താക്കിയത്. മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് എന്നായിരുന്നു സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാര്‍ട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തന്നെ ശ്രമിച്ചതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്ന് മാറ്റി. നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദനെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
മുന്‍ എംഎല്‍എയായ ഗീത ഗോപിയാണ് നാട്ടികയില്‍ ഇത്തവണ സിപിഐയുടെ സ്ഥാനാര്‍ത്ഥി. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു.
Content Highlights: Congress decision to contest CC mukundan as UDF independent candidate become late