

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച കോണ്‍ഗ്രസ് എം പി കെ സുധാകരനെ അനുകൂലിച്ച് തൊടുപുഴയിൽ പോസ്റ്റർ. സേവ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ തൊടുപുഴ ഗാന്ധി സ്ക്വയറിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ച സുധാകരനോട്, തീര്‍ച്ചയായും സഹോദരാ…നിങ്ങള്‍ക്ക് എല്ലാം പിന്തുണയും. മുന്നോട്ട് പോകൂവെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പോസ്റ്ററിൽ പരാമർശിക്കുന്നു. സീറ്റ് ചർച്ചകൾക്കിടെ തിങ്കളാഴ്ച കെ സുധാകരൻ രാഹുൽ ഗാന്ധിയെ കാണാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകൾ മുൻനിർത്തി പോസ്റ്റർ പതിച്ചിരിക്കുന്നത്.
വാക്കുകൾ പാലിക്കപ്പെടേണ്ടതാണ്, ചരിത്രം വാക്ക് പാലിച്ചവരുടേതാണ് എന്ന തലക്കെട്ടിലാണ് പോസ്റ്ററിലെ വാചകങ്ങൾ തുടങ്ങുന്നത്. 'അതും ഉന്നതരായ വ്യക്തികൾ നൽകുന്ന വാക്കുകൾ പൊന്നിനും, പണത്തിനും പ്രമാണങ്ങൾക്കും അപ്പുറത്തുള്ള ഉറപ്പാണ്. 'Rahul Ji, I want to contest on the upcoming kerala election.' 'Of course, brother. You have my full support-go ahead.' എന്നാണ് പോസ്റ്ററിലുള്ളത്.
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ഈ വാക്ക് മതി, അത് ധർമടത്തോ, മട്ടന്നൂരോ കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാൻ കെ സുധാകരന്റെ ചങ്കുറപ്പ്. അതാണ് 110% എന്നും ഉറപ്പ് എന്നും ഉറക്കെ പറഞ്ഞത്. ബോധ്യങ്ങളിൽ നിന്നാണ് വാക്കുകൾ പുറത്തേക്ക് വരുന്നത്. രാഹുൽ ഗാന്ധിയുടെ ഉറപ്പ് കെ സുധാകരൻ നെഞ്ചിലേറ്റിയത് പോലെ തന്നെ കേരളത്തിലെ കോൺഗ്രസുകാരും കെഎസിനെ നെഞ്ചിലേറ്റിക്കഴിഞ്ഞു'; എന്നും പോസ്റ്ററിലുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാർക്കുള്ള വിലക്കിൽ കെ സുധാകരന് കടുത്ത അതൃപ്തിയാണുള്ളത്. നാടകീയ സംഭവങ്ങളാണ് ഇന്ന് നടന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സുധാകരന് കണ്ണൂര്‍ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ ഇന്ന് പോസ്റ്ററുകള്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നു.
പിന്നാലെ വൈകാരികമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് സുധാകരൻ പങ്കുവെച്ചിരുന്നു. കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസവുമാന്നെുമാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. താൻ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ തനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നും കുറിപ്പിൽ പറയുന്നുണ്ട്.
പിന്നാലെ അനുനയശ്രമങ്ങൾക്കായി ദേശീയ കോൺഗ്രസ് നേതൃത്വം സുധാകരനോട് ഡൽഹിയിലേക്ക് വരാൻ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും അനുനയ ചർച്ചകൾ നടക്കുക. ചര്‍ച്ചയില്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകണം എന്ന ആവശ്യം സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുന്‍പില്‍ ശക്തമായി അവതരിപ്പിക്കുമെന്നും ഇതിന് അനുകൂലമായ തീരുമാനമുണ്ടാകും എന്നുമാണ് സുധാകരനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, സുധാകരന് സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ തന്നെ അനുനയിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നുണ്ട്.
Content Highlights: Poster supporting K Sudhakaran’s Assembly election bid appears at Thodupuzha Gandhi Square with Rahul Gandhi’s earlier praise quoted by Save Congress workers.