ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, എഫ്‌ഐആറിന് വിരുദ്ധമായി മൊഴി

കെഎസ്‌യു പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പറയുന്നത്

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം, എഫ്‌ഐആറിന് വിരുദ്ധമായി മൊഴി
dot image

കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസ് എടുത്ത എഫ്‌ഐആറിന് വിരുദ്ധമായി പൊലീസുകാരുടെ മൊഴി. കെഎസ്‌യു പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പറയുന്നത്. ഗ്രേഡ് എസ്‌ഐ പ്രകാശ്, എസ്‌ഐ അനുരൂപ്, സിപിഒ അഖില്‍ എന്നിവരാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല എന്ന് മൊഴി നല്‍കിയത്. കേസില്‍ അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുല്‍ എംസി, അക്ഷയ് മാട്ടൂല്‍,ബിതുല്‍ ബാലന്‍, മുബാസ് സി അച്ച്, അഹമ്മദ് യാസീന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്. പ്രതികള്‍ മാരക ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ആയുധം കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും ആക്രമണശ്രമം നടന്നിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. തുടര്‍ന്ന് കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നീ വ്യവസ്ഥകളോടെ അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.

ഫെബ്രുവരി 25നായിരുന്നു  വീണാ ജോർജ്ജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു.  പിന്നാലെ മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ വ്യാപക വിമർശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് പറ്റിക്കേറ്റിട്ടില്ല എന്നും അഭിനയമാണ് എന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ മന്ത്രിയെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കൾ പ്രതികരിച്ചത്. മാരക ആയുധവുമായി ആക്രമിച്ചെന്ന എഫ്ഐആറിന് വിരുദ്ധമായാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി. ഇതോടെയാണ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.

Content Highlights: Court grants bail to KSU activists on health minister attack case

dot image
To advertise here,contact us
dot image