

ആലപ്പുഴ: സിപിഐഎമ്മുമായി വഴിപിരിഞ്ഞ ജി സുധാകരന് പിന്തുണയുമായി ചാരുംമൂട് ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്ന വാര്‍ത്തകള്‍ നിഷേധിച്ച് സിപിഐഎം. സിപിഐഎം ബന്ധം ഉപേക്ഷിച്ച ജി സുധാകരനൊപ്പം ചാരുംമൂട് ഏരിയയില്‍ നിന്നും ഒരു പാര്‍ട്ടി അംഗം പോലും പോയിട്ടില്ല. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ ജി സുധാകരനു വേണ്ടി രഹസ്യ യോഗം നടന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു പറഞ്ഞു. പരസ്യ പ്രസ്താവന ഇറക്കികൊണ്ടാണ് പ്രതികരണം.
'ജി സുധാകരന്റെ വാര്‍ത്താസമ്മേളനം അറിഞ്ഞതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പാര്‍ട്ടി സഖാക്കളും ബന്ധുക്കളും പാര്‍ട്ടി ഓഫീസില്‍ തടിച്ചു കൂടുകയും പ്രകടനമായി ഭുവനേശ്വരന്റെ സ്മൃതി മണ്ഡപത്തിലേക്ക് എത്തിച്ചേരുകയും ആണ് ഉണ്ടായത്. ഭുവനേശ്വരന്റെ മണ്ണില്‍ പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയുമായാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. വസ്തുത ഇതായിരിക്കെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, ഇന്നലെ രാത്രിയാണ് സുധാകരന്‍ അനുകൂലികള്‍ രഹസ്യയോഗം ചേര്‍ന്നത് എന്നാണ് പുറത്തുവന്നിരുന്ന വിവരം. ഏരിയ കമ്മിറ്റി അംഗങ്ങള്‍, മുന്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിമാര്‍, മുന്‍ ഏരിയ-ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, മുന്‍ ജനപ്രതിനിധികള്‍, യുവജന സംഘടന നേതാക്കള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ പങ്കെടുത്തു എന്നുമാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ജി സുധാകരനെ നേരിട്ട് സന്ദര്‍ശിക്കാനാണ് ഇവരുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.
സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരന്‍ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ല.
ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ല,' സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ രാത്രിയില്‍ ജി സുധാകരനെതിരെ ജന്മനാട്ടില്‍ സിപിഐഎം പ്രകടനം നടത്തിയിരുന്നു. ചാരുമൂട്ടില്‍ നിന്നും കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്‍, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.
ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനര്‍ ഉയര്‍ന്നിരുന്നു. കുലംകുത്തിയെന്ന് അധിക്ഷേപിച്ചാണ് ബാനര്‍. 'കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കും' എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കല്‍ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിട്ടുള്ളത്.
Content Highlights: Charummoodu CPIM area committe denies claims that a secret meeting was held in support of G Sudhakaran who parted ways with the party