'വീണാ ജോര്‍ജിനെ ആക്രമിച്ചെന്നത് കള്ളക്കേസാണെന്ന് വ്യക്തമായി, ജനങ്ങളോട് മാപ്പ് പറയണം': സണ്ണി ജോസഫ്

വീണാ ജോർജ് പരസ്യമായി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി പച്ചക്കള്ളമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു

'വീണാ ജോര്‍ജിനെ ആക്രമിച്ചെന്നത് കള്ളക്കേസാണെന്ന് വ്യക്തമായി, ജനങ്ങളോട് മാപ്പ് പറയണം': സണ്ണി ജോസഫ്
dot image

ന്യൂഡല്‍ഹി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചെന്നത് കള്ളക്കേസാണെന്ന് വ്യക്തമായതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മന്ത്രിയുടെ മൊഴിയില്‍ ആയുധമെന്താണെന്ന് പരാമര്‍ശിക്കുന്നില്ല, മന്ത്രിയെ പരിശോധിച്ച ഡോക്ടറെ സമീപിച്ച് പരിക്കെന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും തീര്‍ത്തും കെട്ടിച്ചമച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയാക്കപ്പെട്ട അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു മാധ്യമങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം.

സണ്ണി ജോസഫിന്റെ വാക്കുകള്‍:

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തര്‍ക്കര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന കള്ളക്കേസ് കെട്ടിച്ചമച്ച കേരള പൊലീസിന്റെ നടപടി തെറ്റായിരുന്നു. പ്രതിയാക്കപ്പെട്ട കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചതോടെ അത് വ്യക്തമായിരിക്കുകയാണ്. പൊലീസ് അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെയും സംഭവസ്ഥലത്ത് നിന്നാണ് പിടികൂടിയത്. അവരുടെ പക്കല്‍ ആയുധമുണ്ടായിരുന്നെങ്കില്‍ അത് അപ്പോള്‍ തന്നെ കണ്ടെടുക്കണമായിരുന്നു. പൊലീസിന് അത് കഴിഞ്ഞില്ല. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടും ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല, മാത്രമല്ല എന്ത് ആയുധം ഉപയോഗിച്ചാണ് ആക്രമിച്ചതെന്നതില്‍ മന്ത്രിയുടെ മൊഴിയില്‍ വ്യക്തതയുമില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ സണ്ണി ജോസഫ് പറഞ്ഞു.

എഫ്‌ഐആറിലും എന്തോ ആയുധമെന്നല്ലാതെ വ്യക്തതയില്ല. സംഭവ സ്ഥലത്തുണ്ടായ പൊലീസുകാരും ആയുധം ഉണ്ടെന്ന് പറഞ്ഞിട്ടില്ല. രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ മന്ത്രിയെ ചോദ്യം ചെയ്ത് സ്റ്റേറ്റ്‌മെന്റ് എടുക്കാനോ, മന്ത്രിയെ പരിശോധിച്ച ഡോക്ടറെ സമീപിച്ച് പരിക്ക് എന്താണെന്ന് കോടതിയെ ബോധ്യപ്പെടുത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. തീര്‍ത്തും കള്ളക്കേസാണിത്. കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചു. പരിക്കുപറ്റിയ പൊലീസ് ഉദ്യോഗസ്ഥന്റെ വൂണ്ട് സര്‍ട്ടിഫക്കറ്റില്‍ ആയുധംവച്ച് പരിക്കേല്‍പ്പിച്ചതായി പരാമര്‍ശമില്ല. എഫ്‌ഐആര്‍ ഫയല്‍ ചെയ്തത് ഏഴു മണിക്കൂര്‍ കഴിഞ്ഞാണ്. വെറും അഞ്ഞൂറ് മീറ്റര്‍ മാത്രം അകലെയാണ് പൊലീസ് സ്റ്റേഷന്‍. അവിടെ എന്ത് ഗൂഢാലോചനയാണ് നടന്നതെന്നും സണ്ണി ജോസഫ് ചോദിച്ചു.

കെഎസ്‌യു പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ് ഉണ്ടായി. ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് സിപിഐഎമ്മും സര്‍ക്കാരും മറുപടി പറയണം. തെറ്റായ കേസ് രജിസ്റ്റര്‍ ചെയ്തതിന് സര്‍ക്കാര്‍ മാപ്പ് പറയണം. മന്ത്രിയെ കൊണ്ട് പച്ച കള്ളം പറയിപ്പിച്ചു. കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. വീണാ ജോർജ് പരസ്യമായി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി പച്ചക്കള്ളമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Sunny Joseph claimed that the police registered a false case against KSU activists over the alleged attack on Veena George

dot image
To advertise here,contact us
dot image