

പാലക്കാട്: കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ലോകകപ്പിനെ വരവേൽക്കാൻ വലിയ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ വ്യത്യസ്തമായ ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി. ലോകത്ത് ഏതൊരു ഫുട്ബോൾ പ്രേമിക്കും പങ്കെടുക്കാൻ കഴിയുന്ന 'ഫ്രീകിക്ക് വേൾഡ് കപ്പ് പ്രെഡിക്ടർ ഗെയിമിംഗ് ആപ്പാ'ണ് ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമം എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ആപ്പിൻ്റെ ലോഗോ പ്രകാശനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് നിർവ്വഹിച്ചത്. മുൻ ഇന്ത്യൻ ഫുട്ബോളർ സി കെ വിനീതാണ് ഗെയിമിംഗ് ആപ്പിൻ്റെ ലോഞ്ചിങ് നിർവ്വഹിച്ചത്.
ലോകത്തെ ഏതൊരു ഫുട്ബോൾ പ്രേമിക്കും സൗജന്യമായി ഈ ആപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരം മുതൽ ഇത്തരത്തിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവർക്ക് ഓരോ മത്സരങ്ങളുടെയും ഫലം, ഗോൾനില, പ്ലെയർ ഓഫ് ദി മാച്ച്, ബോൾ പെസഷൻ അടക്കമുള്ള കാര്യങ്ങൾ പ്രവചിക്കാം. നോക്കൗട്ട് റൗണ്ട് ആകുന്നതോടെ കൂടുതൽ പ്രവചനങ്ങളും സ്പോർട്സ് ചലഞ്ചുകളും മത്സരത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തുമെന്നാണ് സംഘടകർ വ്യക്തമാക്കിയിരിക്കുന്നത്.
ഓരോ മത്സരവും ആരംഭിക്കുന്നതിന് പത്ത് മിനിട്ട് മുമ്പുവരെ പ്രവചനം നടത്താം. മത്സരത്തിൻ്റെ വിവിധഘട്ടങ്ങളിൽ ഫ്ലാഷ് ക്വിസുകൾ അടക്കം ബോണസ് പോയിൻ്റുകൾ കണ്ടെത്താൻ വേണ്ടി കഴിയുന്ന വിവിധ ചലഞ്ചുകൾ ഉൾപ്പെടുത്തും. നടത്തുന്ന പ്രവചനങ്ങൾ ശരിയാകുന്നതിന് അനുസരിച്ച് പോയിൻ്റുകൾ നേടിയെടുക്കാൻ വേണ്ടി കഴിയും. പോയിൻ്റുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും മത്സരങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ആ ദിവസത്തെ പോയിൻ്റ് പട്ടിക പ്രസിദ്ധീകരിക്കും. ലോകകപ്പിൻ്റെ ആദ്യ മത്സരം മുതൽ ഫൈനൽ വരെ പ്രവചനം നടത്താനും പോയിൻ്റുകൾ നേടിയെടുക്കാനും വിജയികളാകാനും സാധിക്കുമെന്നും സംഘാടകർ അറിയിച്ചു.
Content Highlights: DYFI has introduced an innovative World Cup football gaming app in Kerala, with organizers claiming it is the first initiative of its kind in the state. The app aims to engage football fans through interactive gaming and World Cup-related activities.