മികച്ച മന്ത്രി, എംഎല്‍എമാരിൽ എട്ടാമൻ; റിപ്പോര്‍ട്ടര്‍ സര്‍വേയില്‍ കരുത്തനായി വി ശിവൻകുട്ടി

എംഎല്‍എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും ശിവന്‍കുട്ടി സ്വീകാര്യനാണെന്നാണ് റിപ്പോർട്ടർ ഓൺലൈൻ ഇലക്ഷൻ സര്‍വേയിൽ പങ്കെടുത്ത ജനങ്ങൾ അഭിപ്രായപ്പെടുന്നത്

മികച്ച മന്ത്രി, എംഎല്‍എമാരിൽ എട്ടാമൻ; റിപ്പോര്‍ട്ടര്‍ സര്‍വേയില്‍ കരുത്തനായി വി ശിവൻകുട്ടി
dot image

കൊച്ചി: വിദ്യാഭ്യാസ മന്ത്രിയായി വി ശിവന്‍കുട്ടിയെ പ്രഖ്യാപിച്ചത് മുതല്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ മുന്‍ പ്രവര്‍ത്തികള്‍ മുന്‍നിര്‍ത്തി പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ എട്ടാമതായി തെരഞ്ഞെടുക്കപ്പെട്ട് നേമം എംഎല്‍എയും വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രിയുമായ വി ശിവന്‍കുട്ടി. എംഎല്‍എമാര്‍ക്ക് ജനം നല്‍കിയ മാര്‍ക്കിൻ്റെ അടിസ്ഥാനത്തിലാണ് ശിവന്‍കുട്ടി എട്ടാമതെത്തിയത്. 83.6 റേറ്റിങ്ങാണ് ശിവന്‍കുട്ടിക്ക് ലഭിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിയായും ജനം തെരഞ്ഞെടുത്തത് ശിവന്‍കുട്ടിയെയാണ്.

വിദ്യാഭ്യാസ മന്ത്രിയായി വി ശിവന്‍കുട്ടിയെ പ്രഖ്യാപിച്ചത് മുതല്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ മുന്‍ പ്രവര്‍ത്തികള്‍ മുന്‍നിര്‍ത്തി പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ എംഎല്‍എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും ശിവന്‍കുട്ടി സ്വീകാര്യനാണെന്നാണ് സർവേയിൽ പങ്കെടുത്ത ജനങ്ങൾ അഭിപ്രായപ്പെടുന്നത്.

Also Read:

2011ലാണ് നേമത്തെ എംഎല്‍എയായി ശിവന്‍കുട്ടി ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ 2016ല്‍ ഒ രാജഗോപാലന്‍ ശിവന്‍കുട്ടിയെ തോല്‍പ്പിക്കുകയും ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു. പിന്നീട് 2021ല്‍ 3949 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ കുമ്മനം രാജശേഖരനെ തോല്‍പ്പിച്ച് വീണ്ടും ശിവന്‍കുട്ടി നേമത്തുകാരുടെ എംഎല്‍എയായി. നേമത്തുകാരുടെ പ്രിയപ്പെട്ട ശിവന്‍കുട്ടി അണ്ണനും, കുട്ടികളുടെ പ്രിയപ്പെട്ട മന്ത്രിയപ്പൂപ്പനുമായി ശിവന്‍കുട്ടി മാറി.

എസ്എഫ്‌ഐയിലൂടെയായിരുന്നു വി ശിവന്‍കുട്ടിയുടെ രാഷ്ട്രീയ പ്രവേശം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. ഉള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. തിരുവനന്തപുരം മേയറായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തന്നെ മികച്ച ഭരണകര്‍ത്താവായി വി ശിവന്‍കുട്ടി തിളങ്ങി. 2006ല്‍ തിരുവനന്തപുരം ഈസ്റ്റില്‍ നിന്ന് വിജയിച്ചതോടെയാണ് ആദ്യമായി എംഎല്‍എയായത്. 2011ൽ നേമത്ത് നിന്നും ശിവൻകുട്ടി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ നേമത്ത് നിന്ന് വീണ്ടും ശിവന്‍കുട്ടിയെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ക്രിയാത്മകമായ ഇടപെടലുകളും ശക്തമായ രാഷ്ട്രീയ നിലപാടുകളും വി ശിവന്‍കുട്ടിയെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വോട്ടര്‍മാര്‍ക്കിടയിലും സ്വീകാര്യനാക്കി മാറ്റി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ പഠന സംവിധാനങ്ങളുടെ വ്യാപനം എന്നിവയിലൂടെ വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകള്‍ ശക്തിപ്പെടുത്തിയ മന്ത്രി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി.

കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

Content Highlights: In the latest Reporter Online Election Survey for Kerala 2026, V. Sivankutty, General Education Minister and Nemom MLA, secures the highest rating as the best-performing minister with 14.56% support, highlighting his strong voter approval ahead of the assembly polls

dot image
To advertise here,contact us
dot image