

തിരുവനന്തപുരം: വീഴ്ചയില്‍ പതറിയപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയത് വലിയ പിന്തുന്നയാണെന്ന് ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ നാട്ടിലെത്തിയ സഞ്ജു സാംസണ്‍. സച്ചിന്റെ പിന്തുണ കരുത്തായി. വേള്‍ഡ് കപ്പ് മാച്ചിന് മുമ്പും ശേഷവും സച്ചിന്‍ ഫോണില്‍ വിളിച്ചിരുന്നു. 25 മിനിറ്റ് സച്ചിനുമായി സംസാരിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു.
നാട്ടുകാര്‍ നല്‍കിയത് വലിയ പിന്തുണയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധന മനസിലായത്. തോല്‍വിയില്‍ നിന്നും പാഠം പഠിച്ചു. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചു കളിക്കുന്ന ശൈലി ഒഴിവാക്കിയത്. ഒരുമാസമായി ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. രണ്ടുദിവസം വീട്ടുകാര്‍ക്കൊപ്പം ഇരിക്കണമെന്നാണ് ആഗ്രഹം. ഡല്‍ഹിയില്‍ നാളെ വിജയാഘോഷം ഉണ്ടെങ്കില്‍ ചിലപ്പോള്‍ മടങ്ങിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി ശിവന്‍കുട്ടിയും എ എ റഹീം എംപിയുമടക്കം പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
2026-ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ അതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച താരങ്ങളില്‍ ഒരാളായിരുന്നു സഞ്ജു. ഫൈനലില്‍ അദ്ദേഹം നേടിയ 89 റണ്‍സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വര്‍ഷങ്ങളോളം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു, ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രധാന താരമാണ്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷമുള്ള ചെന്നൈയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പറായാണ് സഞ്ജു അറിയപ്പെടുന്നത്.
ന്യൂസിലന്‍ഡിനെ 96 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ടി20 ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തുന്ന മൂന്നാം കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്മാരാവുന്നത്. ഇതോടെ ടി20 ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.
ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഓപ്പണര്‍ സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തില്‍ അഞ്ച് ഫോറുകളും എട്ട് സിക്സറുകളും സഹിതം 89 റണ്‍സ് നേടി. മുന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോര്‍ഡും സഞ്ജു തകര്‍ത്തു. ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്.
Content Highlights: Sanju Samson says Sachin Tendulkar gave him a big boost when he stumbled in the fall