സഞ്ജു ടീമിന്‍റെ നട്ടെല്ലായി, ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി

സഞ്ജുവിന് സംസ്ഥാന സർക്കാർ സ്വീകരണം നൽകുമെന്ന് എം എ ബേബി

സഞ്ജു ടീമിന്‍റെ നട്ടെല്ലായി, ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: ടി20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യൻ ടീമിന്റെ വിജയത്തിന് പിന്നാലെ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളിയായ സഞ്ജു സാംസണിനെയും ഇന്ത്യൻ ടീമിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകപ്പ് വിജയത്തിൽ സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണെന്നും ടൂർണമെന്റിലുടനീളം സ്ഥിരത പുലർത്തിയ സഞ്ജുവിന് ടീമിന്റെ നട്ടെല്ലായി മാറാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു.

ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരമാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

ഇന്ത്യക്കാർക്ക് അഭിമാന നിമിഷമാണിതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. സഞ്ജുവിന് സംസ്ഥാന സർക്കാർ സ്വീകരണം നൽകുമെന്നും എം എ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ സഞ്ജുവിൻ്റെ വീട്ടിലെത്തിയ എം എ ബേബി മാധ്യമങ്ങളോടായിരുന്നു ഇക്കാര്യം പറഞ്ഞത്. ടീം ഇന്ത്യക്ക് മികച്ച വിജയം നേടിയെടുക്കാൻ സഞ്ജു സാംസൺ സഹായിച്ചുവെന്നും അമ്പരപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചതെന്നും എം എ ബേബി പറഞ്ഞു. കളിയിൽ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് കണ്ടത്. അദ്ദേഹം ഒരു കായിക പ്രതിഭ മാത്രമല്ല, ഒരു കായിക സംസ്‌കാരത്തിന്റെ ഉടമ കൂടിയാണ്. സഞ്ജുവിന് വിശാല ഹൃദയം ലഭിച്ചത് അച്ഛൻ സാംസണിൽ നിന്നാണ്. സഞ്ജുവിനെ മികച്ച മനുഷ്യനാക്കി വാർത്തെടുത്തത് സാംസണാണ്. കായിക മേഖലയിൽ യഥാർത്ഥ പ്രതിഭകളെ തഴയുന്ന രീതി ഉണ്ട്, അതിനെയെല്ലാം അതിജീവിച്ചാണ് സഞ്ജു ഇന്ന് ഇവിടെ നിൽക്കുന്നത്. നാട് ആഹ്ലാദിക്കുന്ന നിമിഷമാണിത്. ടീം അംഗങ്ങളെ അനുമോദിക്കുകയാണ്. സഞ്ജുവിന് സംസ്ഥാന സർക്കാർ സ്വീകരണം നൽകും. മുഖ്യമന്ത്രിയും കായിക മന്ത്രിയും ചർച്ച ചെയ്ത് നാളെ അത് പ്രഖ്യാപിക്കും. വലിയ വരവേൽപ്പ് നൽകുമെന്നും എം എ ബേബി പറഞ്ഞു.

Content Highlights: CM Pinarayi vijayan congratulate Sanju samson and Indian team on the victory of mens T20 World Cup 2026

dot image
To advertise here,contact us
dot image