തദ്ദേശ തെരഞ്ഞെടുപ്പില്‍ നാട്ടികയില്‍ LDF ലീഡ് 4706 വോട്ട് മാത്രം;മുകുന്ദനോട് ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസ്

യുഡിഎഫ് വോട്ടുകള്‍ക്ക് പുറമേ സ്വന്തം നിലയിലും സി സി മുകുന്ദന് വോട്ടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാട്ടികയില്‍ LDF ലീഡ് 4706 വോട്ട് മാത്രം;മുകുന്ദനോട് ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസ്
dot image

തൃശൂര്‍: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സിപിഐയോട് ഇടഞ്ഞ് നില്‍ക്കുന്ന നാട്ടികയിലെ സിറ്റിങ് എംഎല്‍എ സി സി മുകുന്ദനോട് ചര്‍ച്ചകള്‍ നടത്തി കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരാണ് മുകുന്ദനുമായി ചര്‍ച്ച നടത്തിയത്. ബിജെപിയും മുകുന്ദനുമായി ബന്ധപ്പെട്ടു.

2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐ നേതാവായ സി സി മുകുന്ദന്‍ 28,431 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിനെയാണ് പരാജയപ്പെടുത്തിയത്. 2016ല്‍ ഇപ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ഗീതാ ഗോപിയാണ് മത്സരിച്ചത്. അന്ന് 26,777 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 4706 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ എല്‍ഡിഎഫിന് നേടാനായുള്ളൂ എന്നതിലാണ് യുഡിഎഫ് ഇത്തവണ പ്രതീക്ഷ അര്‍പ്പിക്കുന്നത്. അതിനിടയിലാണ് സി സി മുകുന്ദന് സീറ്റ് നിഷേധിച്ചിരിക്കുന്നത്.

പാര്‍ട്ടി സീറ്റ് തന്നില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി സി മുകുന്ദനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമം. അതിന് സി സി മുകുന്ദന്‍ കൈകൊടുത്തില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ പിന്തുണ കൊടുക്കാനും സാധ്യതയുണ്ട്.

സി സി മുകുന്ദന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് ലീഡ് മറികടക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ കരുതുന്നത്. യുഡിഎഫ് വോട്ടുകള്‍ക്ക് പുറമേ സ്വന്തം നിലയിലും സി സി മുകുന്ദന് വോട്ടുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിക്കുന്നത്. നാട്ടിക മേഖലയിലെ ആര്‍എംപിഐയും സി സി മുകുന്ദനെ പിന്തുണക്കുമെന്നാണ് കരുതുന്നത്.

Content Highlights: Congress Plans to Field CPI Rebel C C Mukundan as Candidate in Nattika

dot image
To advertise here,contact us
dot image