

പയ്യന്നൂർ: പയ്യന്നൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്. കോൺഗ്രസിന്റെ കൊടിപിടിച്ചവർ സ്ഥാനാർത്ഥിയാവണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. സിപിഐഎം വിമതർക്ക് യുഡിഎഫ് പിന്തുണ നൽകിയാൽ പരസ്യമായി എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസുകാരെ ആക്രമിച്ചവർക്ക് പിന്തുണ നൽകാൻ കഴിയില്ലെന്നും പാർട്ടിയുടെ അഭിമാനം പണയം വയ്ക്കാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
പയ്യന്നൂരിൽ പോരാട്ടം കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായാണ്. യൂത്ത് കോൺഗ്രസിനെതിരായ ആക്രമണങ്ങളിൽ വെള്ളവും വളവും നൽകിയ ആളാണ് വി കുഞ്ഞികൃഷ്ണനെന്നും നേതാക്കൾ പറഞ്ഞു. സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ പ്രമേയം കൊണ്ടുവന്നത്. ഒരു കാലത്ത് തങ്ങളെ ആക്രമിച്ച ഡിവൈഎഫ്‌ഐക്ക് വെള്ളവും വെളിച്ചവും നൽകിയ വ്യക്തിയാണ് കുഞ്ഞികൃഷ്ണൻ.
യുഡിഎഫിന് സ്വന്തം സ്ഥാനാർത്ഥി ഉണ്ടാകണമെന്നും പ്രമേയത്തിൽ പറയുന്നു. സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കാൻ വി കുഞ്ഞികൃഷ്ണനെ സ്ഥാനാർത്ഥിയാക്കാനുള്ള യുഡിഎഫിന്റെ നീക്കത്തിനാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.
Content Highlights: Youth Congress publicly protested against the UDF’s decision to support V. Kunhikrishnan as a candidate