

പത്തനംതിട്ട: എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന വഞ്ചിപ്പാട്ട് പരിശീലകന്റെ പരാതിയില്‍ കേസെടുത്തു. സര്‍വ്വകലാശാല കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ തുക ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് മര്‍ദ്ദനമേറ്റ ആരോമല്‍ ശിവ പറഞ്ഞു. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കിരണ്‍, ജില്ലാ സെക്രട്ടറി അനന്തു മധു ഉള്‍പ്പെടെ 15 പേര്‍ക്ക് എതിരെയാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവല്ല സ്റ്റേഡിയത്തിന് സമീപം വച്ച് മര്‍ദ്ദനമേറ്റു എന്നാണ് പരാതി. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി ആരോമല്‍ ശിവ വഞ്ചിപ്പാട്ട്, നാടന്‍ പാട്ട് എന്നിവയില്‍ പരിശീലനം നല്‍കിയിരുന്നു. പ്രതിഫലത്തുക പലതവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും സാമൂഹ്യ മാധ്യമത്തില്‍ വിഷയത്തില്‍ താന്‍ കുറിപ്പ് ഇട്ടതായും ഇതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍പ്പെട്ട സംഘം തന്നെ മര്‍ദ്ദിച്ചതെന്നും ആരോമല്‍ ശിവ പറഞ്ഞു.
അതേസമയം ആരോമല്‍ ശിവയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് കിരണും ജില്ലാ സെക്രട്ടറി അനന്ദു മധുവും വ്യക്തമാക്കുന്നത്. തിരുവല്ലയില്‍ എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടെ ആരോമല്‍ ശിവയെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചതായും സംഘാടകസമിതി അംഗങ്ങള്‍ എന്ന നിലയില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയും അറിയിച്ചു.
Content Highlights: case against SFI Leaders over coach cheating complaint at pathanamthitta