RSS ആയ ഒരാൾക്ക് ഇസ്രയേലിനെ തള്ളിപ്പറയാൻ വിഷമം കാണും, നമ്മുടെ രാജ്യമാണ് അപമാനിതരായത്: മോദിക്കെതിരെ മുഖ്യമന്ത്രി

എവിടെപ്പോയി പരമാധികാരമെന്നും ട്രംപിന്റെ കാല്‍ക്കല്‍ വച്ചോവെന്നും മുഖ്യമന്ത്രി ചോദിച്ചു

RSS ആയ ഒരാൾക്ക് ഇസ്രയേലിനെ തള്ളിപ്പറയാൻ വിഷമം കാണും, നമ്മുടെ രാജ്യമാണ് അപമാനിതരായത്: മോദിക്കെതിരെ മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: തീവ്രവാദത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുന്നവരാണ് അമേരിക്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി ആക്രമണം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

'യുദ്ധം നമ്മുടെ സമ്പത്ത് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. അശാന്തിയുടെ ദിനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നമ്മുടെ സഹോദരങ്ങള്‍ വലിയ ഉത്കണ്ഠയിലാണ്. എല്ലാ കുടുംബങ്ങളിലും ഉത്ക്കണ്ഠയും ആശങ്കയും നിലനില്‍ക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് തോന്നിയത് ചെയ്യാം. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ ഉണ്ട്. ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന വിധമാണ് അമേരിക്കയുടെ ഇടപെടല്‍. ലോക പൊലീസ് ചമയുന്ന സാമ്രാജ്യത്വ ശക്തിയാണ് അമേരിക്ക. അമേരിക്ക പലതരത്തില്‍ ഇടപെടലുകള്‍ നടത്തുന്നു. തങ്ങള്‍ക്ക് വിധേയമല്ലാത്ത ഒരു രാഷ്ട്രം ഇവിടെ ഉണ്ടായിക്കൂടാ എന്നതാണ് അമേരിക്കയുടെ നിലപാട്. അതിനുദാഹരണമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടത്. അമേരിക്കയാണല്ലോ താലിബാനെ സൃഷ്ടിക്കുന്നത്. തീവ്രവാദത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുന്നവരാണ് അമേരിക്ക. എന്ത് ക്രൂരതയും കാണിക്കാന്‍ തയ്യാറാണ് അമേരിക്ക', അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വലിയ നുണ ലോകവ്യാപകമായി പ്രചരിപ്പിക്കാന്‍ ശേഷി ഉണ്ട്. തങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങള്‍ എവിടെ നടക്കുന്നു അവിടെ അക്രമം അഴിച്ചുവിടുകയാണ് അമേരിക്കന്‍ സാമ്രാജ്യത്വം. ഇറാനോട് എന്താണ് അമേരിക്കയ്ക്ക് വിരോധം ഉണ്ടാകാന്‍ കാരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇറാൻ്റെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യം ഇറാനാണ്. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയിലധികം കയ്യില്‍ വേണം എന്നതാണ് അമേരിക്കന്‍ നയം. അതിനായി ഇറാന്റെ പരമോന്നത നേതാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വധിച്ചു. ഇത്തരം ഘട്ടത്തില്‍ ഏറ്റവും ശക്തമായ ഇടപെടേണ്ടതാണ് ഐക്യരാഷ്ട്രസഭ.
പക്ഷേ തീര്‍ത്തും നിസ്സഹായമായ അവസ്ഥയാണ്. ഐക്യരാഷ്ട്രസഭയെ അംഗീകരിക്കാന്‍ അമേരിക്ക തയ്യാറാകുന്നില്ല. ഇസ്രയേലിന് ഇങ്ങനെ യുദ്ധവുമായി മുന്നോട്ടു പോകാന്‍ കഴിയുന്നതിനു കാരണം അമേരിക്കയുടെ പിന്തുണയാണ്. ഇത്രയും അപക്വമായി പെരുമാറുന്ന രാഷ്ട്ര തലവനാണ് അമേരിക്കന്‍ പ്രസിഡൻ്റ്. യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല. സമാധാനമായ അന്തരീക്ഷമാണ് ലോകം ആകെ ആഗ്രഹിക്കുന്നതെവന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ എന്ന രാജ്യം വലിയതോതില്‍ അപമാനിക്കപ്പെട്ടിരിക്കുന്നു. വലിയതോതില്‍ അഭിമാനം ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയാണ് സ്വാതന്ത്ര്യം നേടിയത്. സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ലോകത്ത് ആകെ നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഒപ്പമായിരുന്നു അന്ന് ഇന്ത്യ. ചേരി ചേരാ നയമാണ് നമ്മള്‍ അംഗീകരിച്ചിരുന്നത്. അതിന്റെ അന്തസത്ത സാമ്രാജ്യത്വ വിരുദ്ധമാണ്. എന്നാല്‍ പിന്നീട് അമേരിക്കന്‍ സാമ്രാജ്യത്വ പ്രീണനവും ഉണ്ടായി. ഇസ്രയേലിനെ അംഗീകരിക്കുന്ന നിലപാടിലേക്ക് വന്നു. യുപിഎ ഭരണകാലത്തും സാമ്രാജ്യത്വ അനുകൂല നിലപാട് ശക്തിപ്പെട്ടു. കോണ്‍ഗ്രസ് തന്നെ അവരുടെ പഴയ നയത്തില്‍ നിന്നും മാറി. നെതാന്യാഹുവിനെ കെട്ടിപ്പിടിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. അത് യാദൃശ്ചികമായി സംഭവിച്ചതാണോ?. ഇന്ത്യ ഇസ്രയേലിന് ഒപ്പമാണെന്ന സന്ദേശം നല്‍കുകയാണവിടെ. ആര്‍എസ്എസ് ആയ ഒരാള്‍ക്ക് ഇസ്രയേലിനെ തള്ളിപ്പറയാന്‍ വിഷമം ഉണ്ടാകും. നമ്മുടെ രാജ്യമാണ് അപമാനിതരായത്. ദീര്‍ഘമായ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിന് ക്ഷതം ഏല്‍പ്പിച്ചു. ഇറാന്‍ കപ്പലിനെ അമേരിക്ക തകര്‍ത്തപ്പോള്‍ ഒരക്ഷരവും പ്രധാനമന്ത്രി മിണ്ടിയില്ല. എന്താണ് പ്രതികരിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇത് പതനത്തിലെത്തി എന്നതിന്റെ തെളിവാണ്. ഇന്ത്യ എന്ന രാജ്യം ഏത് രാജ്യവുമായി വ്യാപാരബന്ധം വേണമെന്ന് തീരുമാനിക്കേണ്ട അധികാരം ഇന്ത്യയ്ക്കാണ്. പക്ഷേ അത് നടക്കുന്നില്ല. എവിടെപ്പോയി പരമാധികാരമെന്നും ട്രംപിന്റെ കാല്‍ക്കല്‍ വച്ചോവെന്നും മുഖ്യമന്ത്രി ചോദിച്ചു.

Content Highlights: cm pinarayi vijayan against narendra modi

dot image
To advertise here,contact us
dot image