

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവുമായി അബുദാബിയിലെ ഇന്ത്യന്‍ എംബസി. അപകട സ്ഥലങ്ങളുടെയോ മറ്റ് തന്ത്ര പ്രധാന മേഖലകളുടെയോ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളാണ് യുഎഇയിലെ ഇന്ത്യന്‍ എംബസി സര്‍ക്കുലറിലൂടെ പുറത്തിറക്കിയിരിക്കുന്നത്. അപകടങ്ങള്‍ നടന്ന സ്ഥലങ്ങളുടെയോ വിമാനത്താവളങ്ങളുടെയോ മറ്റ് നിയന്ത്രിത മേഖലകളുടെയോ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണമെന്ന് യുഎഇയിലെ ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന് പുറമെ മിസൈലുകളുടെയോ സ്‌ഫോടനാവശിഷ്ടങ്ങളുടെയോ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതും അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവക്കുന്നതും ഗുരുതരമായ കുറ്റമാണ്.
പ്രാദേശിക നിയമങ്ങളും യുഎഇ അധികൃതര്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. അപായ സൂചനയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചാലുടന്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയും മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ അവിടെത്തന്നെ തുടരുകയും വേണം. ഇത്തരം സാഹചര്യങ്ങളില്‍ പുറത്തിറങ്ങി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുത്.
സംശയാസ്പദമായ വസ്തുക്കളോ സ്‌ഫോടനാവശിഷ്ടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയെ സമീപിക്കാനോ തൊടാനോ പാടില്ലെന്നും ഉടനടി അധികൃതരെ അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. തകര്‍ന്ന ഡ്രോണുകളുടെയും സംഘര്‍ഷ മേഖലകളുടെതും ഉള്‍പ്പെടെയുളള ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കുമായി യുഎഇ ഭരണകൂടവും നേരത്തെ ഇത്തരത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
Content Highlights: Amid rising tensions in West Asia, the Indian Embassy has issued a safety advisory urging Indians living in the UAE to remain cautious and follow official guidelines.