സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചോ, എന്താണ് ഈ പുതിയ സംവിധാനം?

പണം നൽകുമ്പോൾ ഡീമാറ്റ് അക്കൗണ്ടിലേക്ക് വരുന്നത് ZCZP (Zero Coupon Zero Principal) ബോണ്ടുകളാണ്, ഇതിന് പലിശയില്ല

സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചോ, എന്താണ് ഈ പുതിയ സംവിധാനം?
dot image

ഓഹരി വിപണി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ലാഭവും നഷ്ടവും, ഓഹരി വിലയിലെ ഉയർച്ച താഴ്ചകളുമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, കേവലം പണമുണ്ടാക്കാൻ മാത്രമല്ല, സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനും ഓഹരി വിപണിയെ ഉപയോഗിക്കാം എന്ന് തെളിയിക്കുന്ന ഒന്നാണ് സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്.

unnati ipo

ചാരിറ്റി പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വേണ്ടി പണം കണ്ടെത്താൻ ആഗ്രഹിക്കുന്ന സംഘടനകളെയും, അത്തരം നല്ല കാര്യങ്ങൾക്കായി പണം നൽകാൻ താല്പര്യമുള്ള സാധാരണക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വേദിയാണിത്. ഇവിടെ നമ്മൾ നിക്ഷേപിക്കുന്നത് പണലാഭത്തിന് വേണ്ടിയല്ല, മറിച്ച് നമ്മുടെ പണം കൊണ്ട് എത്രപേരുടെ ജീവിതം മെച്ചപ്പെട്ടു എന്നറിയുന്നതിനും ആ സംതൃപ്തിക്കും വേണ്ടിയാണ്. ലാഭത്തേക്കാൾ ഉപരി 'നന്മ' ലക്ഷ്യം വെക്കുന്ന ഈ പുതിയ വിപണിയെക്കുറിച്ച് കൂടുതൽ അറിയേണ്ടേ?

സാമൂഹിക സേവനം ലക്ഷ്യം

സാമൂഹിക സേവനം ചെയ്യുന്ന സംഘടനകൾക്ക് ജനങ്ങളിൽ നിന്ന് പണം സമാഹരിക്കാൻ ഓഹരി വിപണിയിൽ (NSE, BSE) ഒരുക്കിയ പ്രത്യേക പ്ലാറ്റ്‌ഫോമാണിത്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താനുള്ള ഒരു 'മോഡേൺ വഴി' എന്ന് ഇതിനെ വിളിക്കാം. സാധാരണ ഓഹരികൾ വാങ്ങുമ്പോഴുള്ള ലാഭമോ , പലിശയോ ഇതിൽ നിന്ന് ലഭിക്കില്ല. നിങ്ങൾ നൽകുന്ന പണം പിന്നീട് തിരികെ ലഭിക്കില്ല.നിങ്ങൾ വാങ്ങുന്ന ഈ ബോണ്ട് മറ്റൊരാൾക്ക് വിൽക്കാനോ ഓഹരി വിപണിയിൽ വ്യാപാരം ചെയ്യാനോ കഴിയില്ല.

nse and bse

എന്താണ് ഈ ZCZP ബോണ്ട്?

നിങ്ങൾ പണം നൽകുമ്പോൾ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് വരുന്നത് ZCZP (Zero Coupon Zero Principal) ബോണ്ടുകളാണ്. ഇതിന് പലിശയില്ല. കാലാവധി കഴിയുമ്പോൾ നിങ്ങളുടെ അസ്സൽ തുക തിരികെ ലഭിക്കില്ല.ഇതൊരു നിക്ഷേപത്തേക്കാൾ ഉപരി ഒരു 'സംഭാവന' ആണ്. നിങ്ങളുടെ പണം കൃത്യമായി ഏത് നല്ല കാര്യത്തിനാണ് ഉപയോഗിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കും. അത് സമൂഹത്തിനു ചെയ്യുന്ന നന്മയാണ് നിങ്ങളുടെ ലാഭം എന്ന് പറയേണ്ടി വരും.

ipo

സാധാരണ ഒരു ചാരിറ്റിക്ക് പണം നൽകുമ്പോൾ ലഭിക്കുന്നത് പോലെ, ഇതിൽ നൽകുന്ന തുകയ്ക്കും ആദായനികുതി നിയമത്തിലെ Section 80G പ്രകാരം നികുതി ഇളവ് ലഭിക്കും.ചുരുക്കത്തിൽ ഓഹരി വിപണി വഴി സുതാര്യമായി ഒരു സംഘടനയ്ക്ക് 'സംഭാവന' നൽകാനുള്ള വഴിയാണിത്.നിങ്ങളുടെ പണം കൊണ്ട് എത്രപേരുടെ ജീവിതം മാറി എന്ന സംതൃപ്തിയാണ് ഇവിടെ ലഭിക്കുന്ന ഏക 'റിട്ടേൺ'.ഉന്നതി ഫൌണ്ടേഷൻ സോഷ്യൽ സ്റ്റോക്ക് എക്സ് ചേഞ്ച് ഐപിഓ ഇപ്പോൾ വാങ്ങാവുന്നതാണ്. മാർച്ച് 9 (തിങ്കളാഴ്ച) വരെയാണ് ഈ ഐപിഒയിൽ പങ്കുചേരാനുള്ള സമയം.

Content Highlights :India’s Social Stock Exchange just got a hat-trick IPO

dot image
To advertise here,contact us
dot image