'നമ്മള്‍ എല്ലാവരും കൂടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രചോദനം'; ഭാവന

ധൈര്യത്തോടെ നില്‍ക്കണമെന്ന് മുഖ്യമന്ത്രി പറയുന്നതും പ്രചോദനമാണ്

'നമ്മള്‍ എല്ലാവരും കൂടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പ്രചോദനം'; ഭാവന
dot image

കേസില്‍ വിധി വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രചോദനമായെന്ന് ഭാവന. ധൈര്യത്തോടെ നില്‍ക്കണമെന്നും നമ്മള്‍ എല്ലാവരും കൂടെ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതും കൂടുതല്‍ ഊര്‍ജം പകര്‍ന്നെന്നും ഭാവന പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഭാവന മനസുതുറന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ക്രിസ്മസിന് നടത്തിയ വിരുന്നില്‍ മുഖ്യാതിഥിയായിരുന്നു ഭാവന.

മറ്റു വിഷയങ്ങളെക്കുറിച്ചും അഭിമുഖത്തില്‍ ഭാവന മനസുതുറന്നു.'വിചാരണ കോടതി വിധിയില്‍ എനിക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. എവിടെയൊക്കെയോ ഈ വിധി താന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി ഒട്ടും ഷോക്കിങ് അല്ലായിരുന്നു എന്നാല്‍ അതേസമയം ഞാന്‍ ഒരു നിസ്സഹായ അവസ്ഥയിലായി. നമ്മളെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മാനസിക അവസ്ഥ എന്റെ ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് സംഭവിച്ചു ഇനി അത് ആലോചിച്ച് ഇരുന്നിട്ട് കാര്യമില്ല എന്ന നിലയിലേക്ക് നമ്മള്‍ എത്തും. ഒപ്പം ഫെബ്രുവരിയില്‍ അനോമിയുടെ റിലീസ് ഉള്ളതിനാല്‍ ജനുവരി പകുതി മുതല്‍ പ്രൊമോഷന്‍ ഉണ്ടായിരുന്നു. ഞാന്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ല എന്ന് ഉണ്ടായിരുന്നു', ഭാവനയുടെ വാക്കുകള്‍.

'ശരിയെന്ന് തോന്നിയത് കൊണ്ടാണ് പരാതി നല്‍കിയത്. പരാതി നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതിയിട്ടില്ല. അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. താന്‍ മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണെന്ന് തോന്നലുണ്ടായി. ആ സാഹചര്യത്തില്‍ കൂടുതല്‍ ഒന്നും ആലോചിച്ചിരുന്നില്ല. അതിന് ശേഷം എത്രയോ ആളുകള്‍ പുറത്തുവരുന്നു, പരാതികള്‍ നല്‍കുന്നു അതെല്ലാം ഭാവന പറഞ്ഞതുകൊണ്ടാണ് എന്ന് പറയുമ്പോള്‍ ആ ഫീലിങ്ങിനെ എനിക്ക് വാക്കുകൊണ്ട് വിവരിക്കാന്‍ കഴിയില്ല. ആരും ഒന്നും പുറത്തു പറയില്ലെന്ന ധൈര്യം പലരുടെയും ഉള്ളിലുണ്ട്. അത് പുറത്തുപറഞ്ഞു പ്രശ്നമാകുമെന്ന് അറിഞ്ഞാല്‍ കുറച്ചു പേരെങ്കിലും ജാഗരൂഗരാകും അത് നല്ലതല്ലേ', ഭാവനയുടെ വാക്കുകള്‍.

അതേസമയം, അനോമി ആണ് അവസാനമായി പുറത്തുവന്ന ഭാവന ചിത്രം. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. സി ജെ റോയ് നിര്‍മിച്ച അവസാന ചിത്രം കൂടെയാണ് അനോമി. പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഭാവന, റഹ്‌മാന്‍ എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന്റെ കരുത്താണ്. സസ്പെന്‍സ് മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം മികച്ച സാങ്കേതിക നിലവാരത്തിലാണ് റിയാസ് മാരാത്ത് ഒരുക്കിയിരിക്കുന്നത്.

Content Highlights: actor bhavana talks about support of cm pinarayi vijayan

dot image
To advertise here,contact us
dot image