ജസ്‌ലിയയുടെ മരണം; അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം,സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇന്നലെയാണ് പ്രതി ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോർട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്

ജസ്‌ലിയയുടെ മരണം; അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം,സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
dot image

കൊച്ചി: ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദ്ദേശം നൽകി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പ്രതിയെ തിരിച്ചറിയുന്നതിലും കാലതാമസം ഉണ്ടായോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം.

അങ്കമാലി അഡ്രസ് കൺവെൻഷൻ സെൻ്ററിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഇടപ്പള്ളിയിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് സിറിയക്ക് മൊഴി നൽകി. ഭയന്ന് പോയതിനാലാണ് വാഹനം നിർത്താത്തതെന്നും നാട്ടുകാർ കൈകാര്യം ചെയ്യുമോ എന്ന് ഭയന്നിരുന്നുവെന്നും സിറിയക്ക് പൊലീസിന് മൊഴി നൽകി.

അതേസമയം പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. പ്രതിയുടെ നഖത്തിന്റെയും മുടിയുടെയും അടക്കം സാമ്പിളുകൾ പരിശോധനയ്ക്ക് അയിച്ചിട്ടുണ്ട്. സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇന്നലെയാണ് പ്രതി ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയതായും പൊലീസ് പറഞ്ഞു. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ചത് ബന്ധുവാണെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ജോര്‍ജ് പി മാത്യുവിന് ഇന്നലെ തന്നെ ജാമ്യം ലഭിച്ചിരുന്നു.

അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജസ്‌ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്ലിയ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.

എടവനക്കാട് സ്വദേശിയായ ജസ്‌ലിയ പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും മികവ് പുലര്‍ത്തിയിരുന്നു. ജസ്‌ലിയ പാര്‍ട്ട്‌ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വില്‍പ്പന ശാലയിലായിരുന്നു ജസ്‌ലിയ ജോലി ചെയ്തിരുന്നത്. ജോലിക്ക് പോയിരുന്നതിനാല്‍ കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

Content Highlight : A probe has been initiated into alleged lapses by Angamaly police in connection with the accident that caused Jasliya’s death

dot image
To advertise here,contact us
dot image