

മലപ്പുറം: കൊണ്ടോട്ടി നെടിയിരുപ്പ് ജിഎല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ വാര്‍ത്തയിൽ ഇടപെടല്‍ നടത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ലെന്നും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കി. വിദ്യാലയം പുതുക്കി പണിയുന്നത് ഈ അക്കാദമിക് ഇയറില്‍ കഴിയില്ലെന്നും അടുത്ത അക്കാദമിക് ഇയറില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചാല്‍ കെട്ടിടമുണ്ടാക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കന്‍ കഴിയുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഏത് നിമിഷവും നിലം പൊത്താറായ കൊണ്ടോട്ടി നെടിയിരുപ്പ് ജി എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു പുറത്തുകൊണ്ടുവന്നത്.
പൊളിഞ്ഞു വീഴാറായ സ്‌കൂള്‍ കെട്ടിടത്തില്‍ പഠിക്കേണ്ടി വരുന്നതിന്റെ ദുരവസ്ഥ 'ഗുഡ് ഈവനിങ് ഷോ'യിലൂടെ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി സംഭവത്തിൽ ഇടപെടല്‍ നടത്തിയത്. പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തില്‍ പഠിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. മഴ പെയ്യുമ്പോള്‍ ചോരുന്ന കെട്ടിടങ്ങള്‍ക്ക് പകരം തങ്ങള്‍ക്കും ഡിജിറ്റല്‍ ക്ലാസ് റൂമില്‍ പഠിക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.
വളരെ കഷ്ടപ്പെട്ടാണ് തങ്ങള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നത്. മഴ പെയ്താല്‍ വെള്ളം ചോര്‍ന്ന് ബാഗും പുസ്തകങ്ങളും നനയും. പൊളിഞ്ഞ് വീഴുമോ എന്ന പേടിയുള്ളതിനാല്‍ ടീച്ചര്‍മാരുമായി മാവിന്‍ചുവട്ടില്‍ ഇരുന്നാണ് ഇപ്പോള്‍ പഠിക്കുന്നത്. തങ്ങള്‍ക്കും ഹൈടെക് സ്‌കൂളില്‍ പഠിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Content Highlight; Education Minister intervened following reporter's news about the deplorable condition of the Kondotty Nediyirup GLP School building.