'പരിഹസിച്ചതല്ല, മെമ്പർഷിപ്പ് പുതുക്കണം'; വിവാദങ്ങൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ അടക്കം തന്നെ പരിഹസിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം എഴുതിയ എഫ്ബി പോസ്റ്റിൽ സുധാകരൻ പറഞ്ഞിരുന്നത്

'പരിഹസിച്ചതല്ല, മെമ്പർഷിപ്പ് പുതുക്കണം'; വിവാദങ്ങൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ
dot image

കൊച്ചി: ജി സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുമായി സിപിഐഎം. മെമ്പർഷിപ്പ് വിവാദങ്ങൾക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് താൻ ചിരിച്ചതെന്നും പരിഹസിച്ചതല്ലെന്നും ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു.

എം വി ഗോവിന്ദൻ അടക്കം തന്നെ പരിഹസിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം എഴുതിയ എഫ്ബി പോസ്റ്റിൽ സുധാകരൻ പറഞ്ഞിരുന്നത്. സുധാകരനെ പരിഗണിക്കുന്നില്ല എന്നായിരുന്നു വാർത്താസമ്മേളനത്തിനിടയിൽ എം വി ഗോവിന്ദൻ പറഞ്ഞത്. എന്നാൽ സുധാകരനെ വിളിച്ച ഗോവിന്ദൻ ഇതിൽ വ്യക്തത വരുത്തുകയായിരുന്നു. വാർത്താ സമ്മേളനത്തിനിടെ താൻ ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് എന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. മാധ്യമങ്ങൾ കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്നും പാർട്ടി മെമ്പർഷിപ്പ് പുതുക്കണമെന്നും ഗോവിന്ദൻ സുധാകരനോട് ആവശ്യപ്പെട്ടു.

അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി തുടർന്നുകൊണ്ടേയിരിക്കുകയാണ്. സുധാകരനെ ചുമതലകളിലേക്ക് പരിഗണിക്കാൻ പാർട്ടി ഒരുങ്ങുന്നുണ്ട് എന്നും തെരഞ്ഞെടുപ്പിൽ ചുമതലകൾ നൽകിയേക്കും എന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി ആർ നാസർ സുധാകരനെ വിളിച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. സുധാകരന്റെ നീക്കങ്ങളിൽ ആശങ്കയില്ല എന്നാണ് സിപിഐഎം നിലപാട്.

63 വർഷത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള താൻ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിടത്തുനിന്നാണ് ജി സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം. പ്രാദേശിക നേതൃത്വം തന്നെ അവഗണിച്ചെന്നും സംസ്ഥാന സെക്രട്ടറി താൻ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന തരത്തിൽ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരൻ ആരോപിച്ചിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെ കടുത്ത വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്. പിന്നാലെ സുധാകരനെ ജില്ലാ സെക്രട്ടറി ആർ നാസർ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല. ഇന്ന് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ട എന്ന് വെയ്ക്കുകയായിരുന്നു.

Content Highlights: The CPI M leadership has initiated efforts to reconcile with senior leader G Sudhakaran amid the ongoing membership controversy. CPI M Kerala State Secretary M V Govindan reportedly spoke with Sudhakaran over the phone to discuss the issue and ease tensions within the party

dot image
To advertise here,contact us
dot image