

കൊച്ചി: പാർട്ടിയുമായി പിണങ്ങിയതിന് പിന്നാലെ ജി സുധാകരനെ താൻ വിളിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തന്നേക്കാളും വലിയ നേതാവാണ് സുധാകരൻ. അദ്ദേഹത്തെ ഉപദേശിക്കാൻ താൻ ആളല്ല. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരാളും ചുവന്ന കൊടിക്ക് മുകളിലല്ല. താഴെയാണ്. പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനം അദ്ദേഹമെടുക്കില്ല എന്നാണ് വിശ്വാസമെന്നും ശിവൻകുട്ടി പറഞ്ഞു. 'കോഫി വിത്ത് അരുണി'ൽ ആയിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണം. പാഠപുസ്തകങ്ങൾ പുതിക്കി നിശ്ചയിച്ച ശേഷം നടക്കുന്ന ആദ്യ പരീക്ഷയാണ്. സമൂഹമാധ്യമങ്ങളിൽ ചോദ്യപ്പേപ്പറുകൾ പ്രയാസമുള്ളതായിരിക്കും എന്ന പ്രചാരണമുണ്ടായി. അത് വാസ്തവവിരുദ്ധമാണ്. നല്ല രീതിയിൽ കുട്ടികൾ പരീക്ഷ എഴുതണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ പരീക്ഷകൾ പിന്നീട് നടത്തുമെന്നും മന്ത്രി പറഞ്ഞു.
'ജനകീയ പരീക്ഷയിൽ' തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിനെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം. കുട്ടികൾ പരീക്ഷ എഴുതുമ്പോൾ രക്ഷകർത്താക്കൾക്ക് ടെൻഷൻ ഉണ്ടാകുക സ്വാഭാവികമാണ്. അതിന് കാരണം സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളാണ്. കുട്ടികൾക്ക് നന്നായി പരീക്ഷ എഴുതാൻ സാധിക്കുമെന്നും കുട്ടികളെ ആശങ്ക കാട്ടി ഭയപ്പെടുത്തരുതെന്നും ശിവൻകുട്ടി അഭ്യർത്ഥിച്ചു. കുട്ടികൾക്ക് വെള്ളം കൊടുക്കാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കേരളം മാത്രമാകും കുട്ടികൾക്ക് ഇത്രയും സൗകര്യങ്ങൾ ഒരുക്കുന്ന സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
63 വർഷത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള താൻ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിടത്തുനിന്നാണ് ജി സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കം. പ്രാദേശിക നേതൃത്വം തന്നെ അവഗണിച്ചെന്നും സംസ്ഥാന സെക്രട്ടറി താൻ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന തരത്തിൽ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരൻ ആരോപിച്ചിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെ കടുത്ത വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്. പിന്നാലെ സുധാകരനെ ജില്ലാ സെക്രട്ടറി ആർ നാസർ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല. ഇന്ന് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ട എന്ന് വെയ്ക്കുകയായിരുന്നു.
Content Highlights: Kerala Education Minister V Sivankutty clarified that he did not call senior CPI M leader G Sudhakaran following reports of internal differences within the party. Sivankutty stated that Sudhakaran is a much senior leader and that he is not in a position to advise him