

തൃശൂർ: തൃശൂർ ജില്ലയില്‍ സിപിഐക്ക് പരമ്പരാഗതമായി തന്നെ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ. 1957 ലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ 2021 വരെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ ആകെ മൂന്ന് തവണ മാത്രമാണ് മണ്ഡലം സിപിഐക്ക് നഷ്ടമായിട്ടുള്ളത്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംപി ജാക്സണെ 23893 വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫ് സ്ഥാനാർത്ഥി വിആർ സുനില്‍ കുമാർ പരാജയപ്പെടുത്തിയത്.
മണ്ഡലം ഇത്തവണയും തങ്ങള്‍ക്കൊപ്പം തന്നെ നില്‍ക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ ആത്മിവശ്വാസം. എന്നാല്‍ മികച്ച സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ശ്രമം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്താന്‍ സാധിച്ച മുന്നേറ്റവും അവരുടെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി, പൊയ്യ, അന്നമനട, കുഴൂർ, മാള, പുത്തൻചിറ, വെള്ളാങ്ങല്ലൂർ പഞ്ചായത്തുകൾ ചേരുന്നതാണ് കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂർ മുന്‍സിപ്പാലിറ്റിക്ക് പുറമെ, മാള, പുത്തന്‍ചിറ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. അന്നമനട, വെള്ളാങ്ങല്ലൂർ, പൊയ്യ, കുഴൂർ പഞ്ചായത്തുകളില്‍ യുഡിഎഫ് അധികാരത്തില്‍ വന്നു.
ബിജെപിയും വലിയ ശ്രദ്ധ നല്‍കുന്ന മണ്ഡലങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ. കഴിഞ്ഞ രണ്ട് തെരഞ്ഞടുപ്പുകളിലായി 32793, 28204 എന്നിങ്ങനെയായിരുന്നു മണ്ഡലത്തില്‍ ബിജെപി നേടിയ വോട്ട്. 2011 ല്‍ കേവലം 6732 വോട്ട് മാത്രം നേടാനായിടത്ത് നിന്നായിരുന്നു ബിജെപിയുടെ മുന്നേറ്റം. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 52091, യുഡിഎഫ് 51725, എന്‍ഡിഎ 23836 എന്നിങ്ങനെയായിരുന്നു കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വോട്ടുനില.
എല്‍ഡിഎഫ് ഇത്തവണയും വിആർ സുനില്‍ കുമാറിനെ തന്നെ സ്ഥാനാർത്ഥിയാക്കും. മണ്ഡലം നിലനിർത്താന്‍ സിറ്റിങ് എംഎല്‍എ തന്നെ മത്സരിക്കുന്നതാണ് ഉചിതമെന്നാണ് വിലയിരുത്തല്‍. യുഡിഎഫിലും സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ ഒദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി ബാക്കിയുള്ളു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിനെയാണ് മണ്ഡലം പിടിച്ചെടുക്കാനായി യുഡിഎഫ് കൊടുങ്ങല്ലൂരില്‍ നിയോഗിച്ചിട്ടുള്ളത്. ബി ഗോപാലകൃഷ്ണൻ, എ ആർ ശ്രീകുമാർ എന്നിവരുടെ പേരുകള്‍ക്കാണ് എന്‍ഡിഎയില്‍ മുന്‍തൂക്കം.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം
കൊടുങ്ങല്ലൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചവർ
*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു