ശമ്പളം 1 ലക്ഷം; വയസ് 22, നിക്ഷേപത്തിനായി മാസം മാറ്റിവെക്കുന്നത് 20000 രൂപ; വൈറലായി യുവാവിന്റെ കുറിപ്പ്

വാടകയായി 30,000 രൂപയും കുടുംബത്തിനായി 30,000 രൂപ നാട്ടിലേക്ക് അയക്കുകയും ചെയ്യും

ശമ്പളം 1 ലക്ഷം; വയസ് 22, നിക്ഷേപത്തിനായി മാസം മാറ്റിവെക്കുന്നത് 20000 രൂപ; വൈറലായി യുവാവിന്റെ കുറിപ്പ്
അജ്മല്‍ എം കെ
3 min read|15 Jun 2026, 08:09 pm
dot image

മുംബൈ: കരിയറിന്റെ തുടക്കത്തിൽ തന്നെ ഭാവിയെക്കുറിച്ചും റിട്ടയർമെന്റ് പ്ലാനിംഗിനെക്കുറിച്ചും ചിന്തിക്കുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മികച്ച സാമ്പത്തിക അച്ചടക്കം പാലിച്ച് ശ്രദ്ധ നേടുകയാണ് മുംബൈയിൽ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ ഒരു യുവ പ്രൊഫഷണൽ. തന്റെ റിട്ടയർമെന്റ് ആസൂത്രണം മുപ്പതുകളിലേക്കോ നാൽപ്പതുകളിലേക്കോ നീട്ടിവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പില് യുവാവ് വ്യക്തമാക്കുന്നത്. ‍ മാസം ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലിയിൽ പ്രവേശിച്ച യുവാവിന്റെ കുറിപ്പ് ഇതിനോടകം തന്നെ സാമ്പത്തിക വിദഗ്ദ്ധർക്കിടയിലും യുവാക്കൾക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

ചിലവുകൾ വളരെ കൂടുതലുള്ള മുംബൈ പോലുള്ള ഒരു നഗരത്തിലെ തന്റെ പ്രതിമാസ ബജറ്റും യുവാവ് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾ കാരണം വീട്ടുവാടക ഇനത്തിൽ 30,000 രൂപയും, ഭക്ഷണം, യാത്ര, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്കായി 20,000 രൂപയും മാറ്റിവെക്കേണ്ടി വരും. ഇതിനുപുറമേ കുടുംബത്തിനായി 30,000 രൂപ നാട്ടിലേക്ക് അയക്കുകയും ചെയ്യും. ഈ ചിലവുകളെല്ലാം കഴിഞ്ഞ് ബാക്കി വരുന്ന 20,000 രൂപയാണ് സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി യുവാവിന്റെ പക്കലുള്ളത്.

കരിയറിന്റെ തുടക്കത്തിൽ തന്നെ 20,000 രൂപ മാറ്റിവെക്കാൻ സാധിക്കുന്നത് വലിയ കാര്യമാണെങ്കിലും, മുംബൈയിലെ ഉയർന്ന ജീവിതച്ചിലവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ഈ തുക തികയുമോ എന്ന ആശങ്കയാണ് യുവാവ് പങ്കുവെക്കുന്നത്. നിലവിൽ തനിക്ക് മറ്റ് കടബാധ്യതകളോ വലിയ പർച്ചേസുകളോ ഇല്ലെന്നും, ശമ്പളം വർദ്ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപ തുക ഉയർത്താനാണ് പദ്ധതിയെന്നും യുവാവ് പറയുന്നു.

കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ ഉപദേശങ്ങളുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. നിക്ഷേപങ്ങൾ ആരംഭിക്കുന്നതിന് മുൻപ് നിർബന്ധമായും ഒരു 'ഹെൽത്ത് ഇൻഷുറൻസും' 'ടേം ഇൻഷുറൻസും'എടുക്കണമെന്നാണ് ഭൂരിഭാഗം പേരും നിർദ്ദേശിക്കുന്നത്. കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി 6 മാസത്തെ ചിലവുകൾക്ക് തുല്യമായ ഒരു 'എമർജൻസി ഫണ്ടും'ആദ്യം തന്നെ രൂപീകരിക്കണം.

22-ാം വയസ്സിൽ പ്രതിമാസം 20,000 രൂപ നിക്ഷേപിക്കുന്നത് മികച്ച തുടക്കമാണെന്നും, തുടക്കത്തിൽ ഒരു 'മൾട്ടി അസറ്റ് ഫണ്ടിലോ' 'മിഡ് ക്യാപ് ഇൻഡക്സ് ഫണ്ടിലോ' നിക്ഷേപിച്ചു തുടങ്ങാമെന്നും പക്വതയും അനുഭവസമ്പത്തും കൂടുന്നതിനനുസരിച്ച് റിസ്ക് എടുക്കാനുള്ള ശേഷി നോക്കി പോർട്ട്ഫോളിയോ മാറ്റാമെന്നും വിദഗ്ദ്ധർ ഉപദേശിക്കുന്നു.

നിക്ഷേപ പോർട്ട് ഫോളിയോ എങ്ങനെ മികച്ചതാക്കാം എന്ന് ആലോചിച്ച് സമയം കളയുന്നതിനേക്കാള്‍ കരിയറിന്റെ തുടക്കത്തിൽ സ്വന്തം വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് റെഡ്ഡിറ്റിൽ ഉയർന്നുവന്ന മറ്റൊരു പ്രധാന നിർദ്ദേശം. കാരണം, ഒരു ലക്ഷം രൂപയുടെ 10 ശതമാനം എന്നത് 10,000 രൂപ മാത്രമാണെങ്കിൽ, കരിയറിലെ വളർച്ചയിലൂടെ വരുമാനം 10 ലക്ഷമായി ഉയരുമ്പോൾ അതിന്റെ 10 ശതമാനം എന്നത് 1 ലക്ഷം രൂപയായി മാറും.

അതുകൊണ്ട് വരുമാനം വർദ്ധിപ്പിക്കുന്നതിലൂടെ നിക്ഷേപ തുകയും അതിവേഗം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും യുവാവിന് ലഭിച്ച മറുപടികളിൽ വ്യക്തമാക്കുന്നു. ചെറുപ്രായത്തിൽ തന്നെ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ബോധ്യം പുലർത്തുന്ന ഈ യുവാവിന്റെ ചിന്താഗതി മറ്റുള്ളവർക്കും മാതൃകയാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

Content Highlights: A 22-year-old professional from Mumbai has attracted attention after revealing that he earns ₹1 lakh a month and invests ₹20,000 regularly. His disciplined approach to saving and investing has sparked discussions on financial planning, wealth creation, and the importance of starting investments early in one's career.

dot image
To advertise here,contact us
dot image