

ഇന്ദ്രൻസിന്റെ നായകനാക്കി വർഷ വാസുദേവ് ഒരുക്കുന്ന സിനിമയാണ് ചിന്ന ചിന്ന ആസൈ. ചിത്രത്തിൽ മധുബാലയാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ മധുബാലയെ തീരുമാനിച്ചപ്പോൾ നായകൻ താൻ ആണെന്ന് പറയരുത് എന്ന് ഉണ്ടായിരുന്നു എന്ന് ഇന്ദ്രൻസ് പറഞ്ഞു. മുൻപ് പല സിനിമകളിലും താൻ നായകൻ ആണെന്നറിഞ്ഞ് നായികമാർ അഭിനയിക്കാൻ തയ്യാറായിരുന്നില്ല എന്നും സിനിമയുടെ പ്രെസ് മീറ്റിൽ ഇന്ദ്രൻസ് പറഞ്ഞു.
'വര്‍ഷ വന്ന് ഇതിന്റെ കഥ പറഞ്ഞപ്പോള്‍ എനിക്ക് നല്ല ഇഷ്ടമായി. വേറൊന്നും ചോദിക്കാതെ ഞാന്‍ റെഡി പറഞ്ഞു. അന്നും മധു മാഡമിന്റെ പേര് പറഞ്ഞിരുന്നു. ആരാണ് മാധവന്‍ മാഷ് എന്ന് ചോദിച്ചാല്‍ പേര് പറയല്ലേ, തീരുമാനിച്ചില്ല എന്നേ പറയാവൂ എന്ന് പറയണമെന്നുണ്ടായിരുന്നു. ഇല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ വിളിച്ച് അന്വേഷിക്കും, അത് ഇവിടെ കോമഡിയൊക്കെ ചെയ്യുന്ന ഒരുത്തനാണെന്ന് പറഞ്ഞാല്‍ അവര്‍ വിട്ടു പോയേക്കും. അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും പോകും. എനിക്ക് ചില സിനിമകളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. നമ്മളോട് വലിയ ആര്‍ട്ടിസ്റ്റിന്റെ പേര് പറയും. അവസാനം ആകുമ്പോള്‍ അവരെയൊന്നും കിട്ടാതാകും.
നമുക്ക് നമ്മുടെ കഥാപാത്രം നോക്കിയാല്‍ മതി. എങ്കിലും അതൊരു ആധിയായി കിടക്കും. ഇത് മധു മാഡം സമ്മതിച്ചു, ഇഷ്ടമായി എന്ന് വര്‍ഷ വന്ന് പറഞ്ഞു. ഞാനും ആ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ മാറ്റങ്ങളുണ്ടാകുമ്പോഴും ഒരാഴ്ച നീളുമ്പോഴും എനിക്ക് വെപ്രാളമാണ്. എങ്ങാനും അവര്‍ മാറിപ്പോയാല്‍ പിന്നെ ആരെങ്കിലും ആയിരിക്കും വരിക. അത് സിനിമയുടെ വിജയത്തേയും ബാധിക്കും. അതിനാല്‍ ഞാന്‍ ആധി പിടിച്ചിരുന്നതാണ്. പക്ഷെ അത് സംഭവിച്ചില്ല. മധു മാഡം വന്നു. അതില്‍ വളരെ സന്തോഷമുണ്ട്. 19-ാം തീയതിക്കായി ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ്', ഇന്ദ്രൻസിന്റെ വാക്കുകൾ.
ജൂൺ 19 നാണ് ചിത്രം റിലീസിനെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ്ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ് എന്നതും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഘടകമാണ്. മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Content Highlights: Indrans has reflected on his early career struggles, stating that many actresses were initially hesitant to act alongside him. He also expressed happiness that Madhubala joined his recent project, calling it a positive and encouraging development. His remarks highlight the changing dynamics of acceptance and collaboration in the film industry.