പൊന്നാനി കോട്ട നിലനിർത്താന്‍ എം സ്വരാജ് എത്തുമോ? കെ പി നൗഷാദ് അലിയെ ഇറക്കി മണ്ഡലം പിടിക്കാന്‍ യുഡിഎഫ്

2021 ല്‍ യുഡിഎഫിലെ എ എം രോഹിത്തിനെതിരെ 17043 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സിപിഐഎമ്മിലെ പി നന്ദകുമാറിന് ലഭിച്ചത്

പൊന്നാനി കോട്ട നിലനിർത്താന്‍ എം സ്വരാജ് എത്തുമോ? കെ പി നൗഷാദ് അലിയെ ഇറക്കി മണ്ഡലം പിടിക്കാന്‍ യുഡിഎഫ്
dot image

മലപ്പുറം: ജില്ലയില്‍ മറ്റേത് സീറ്റ് കൈവിട്ടാലും തങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് എല്‍ഡിഎഫ് ഉറച്ച് വിശ്വസിക്കുന്ന സീറ്റാണ് പൊന്നാനി. 2006 മുതല്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥികള്‍ വിജയിച്ച് വരുന്ന മണ്ഡലത്തില്‍ ഇത്തവണയും അവർ ഉറച്ച വിജയം പ്രതീക്ഷിക്കുന്നു. എന്നാല്‍ മറുപക്ഷത്താകട്ടെ എല്‍ഡിഎഫിന്‍റെ പൊന്നാനി കോട്ടയടക്കം ജില്ലയിലെ മുഴുവന്‍ സീറ്റുകളും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേടുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം.

2021 ല്‍ യുഡിഎഫിലെ എ എം രോഹിത്തിനെതിരെ 17043 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സിപിഐഎമ്മിലെ പി നന്ദകുമാറിന് ലഭിച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വലിയ പ്രതിഷേധം പാർട്ടി അണികളില്‍ നിന്നും ഉണ്ടായെങ്കിലും അതൊന്നും വോട്ട് എടുപ്പിനെ ബാധിച്ചില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. എന്നാല്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ എല്‍ഡിഎഫിന് കാലിടറി. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ അടക്കം യുഡിഎഫ് വോട്ടുപിടിച്ചു.

പൊന്നാനി നഗരസഭയും ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് പൊന്നാനി. ഇതില്‍ പൊന്നാനി നഗരസഭയിലും വെളിയംകോട് പഞ്ചായത്തുമാണ് എല്‍ഡിഎഫിന് നിലനിർത്താനായാത്. ആലംകോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ് പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണം പിടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കിനൊപ്പം തന്നെ ലോകസ്ഭ തെരഞ്ഞെടുപ്പിലെ ലീഡും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. 15416 വോട്ടിന്‍റെ ലീഡാണ് പൊന്നാനി ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി എംപി അബ്ദുസമ്മദ് സമദാനിക്ക് നല്‍കിയത്.

പൊന്നാനിയില്‍ ഇത്തവണ പി നന്ദകുമാർ മാറുകയാണെങ്കില്‍ ഇടതുപാളയത്തില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്ന പേര് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം സ്വരാജിന്‍റേതാണ്. മുതിർന്ന നേതാവ് എ വിജയരാഘവന്റെ പേരും അന്തരീക്ഷത്തിലുണ്ടെങ്കിലും പിണറായിക്കു പുറമേ മറ്റൊരു പിബി അംഗം കൂടി മത്സരിക്കാനുള്ള സാധ്യതയില്ല. കഴിഞ്ഞ തവണ പരസ്യ പ്രതിഷേധത്തിന് ഇടയാക്കിയ പേരുകാരനായ ടിഎം സിദ്ധീഖിന്‍റെ പേരും ചർച്ചയിലുണ്ട്. അന്ന് പാർട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിർത്തിയിരുന്നെങ്കിലും വളരെ വേഗത്തില്‍ തന്നെ പാർട്ടി പദവികളിലേക്ക് തിരിച്ചെത്തിയ അദ്ദേഹം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റം അഗംവും വെളിയങ്കോട് ഡിവിഷനിൽനിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാണ്. വി പി സാനുവിന് പുറമെ ഒരു ഘട്ടത്തില്‍ കെ ടി ജലീല്‍ പൊന്നാനിയില്‍ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള സൂചനകളും ഉണ്ടായിരുന്നു.

യുഡിഎഫ് പാളയത്തില്‍ നിന്നും ഉയർന്ന് കേള്‍ക്കുന്ന പ്രഥമ പേര് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലിയുടേതാണ്. സീറ്റ് ഉറപ്പിച്ച മട്ടില്‍ അദ്ദേഹം മണ്ഡലത്തില്‍ പ്രചരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സിദ്ദിഖ് പന്താവൂർ, പി ടി അജയ് മോഹൻ എന്നിവരും യുഡിഎഫിന്‍റെ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. എന്‍ഡിഎയെ സംബന്ധിച്ച് കഴിഞ്ഞ തവണ ബിഡിജെഎസ് ആയിരുന്നു മണ്ഡലത്തില്‍ മത്സരിച്ചത്.

2021ലെ തെരഞ്ഞെടുപ്പ് ഫലം

  • പി നന്ദകുമാര്‍-എല്‍ഡിഎഫ് -74668 (51.35%)
  • എ എം രോഹിത്-യുഡിഎഫ്- 57625 (39.63%)
  • സുബ്രഹ്‌മണ്യന്‍ ചുങ്കപ്പള്ളി- -എന്‍ഡിഎ -7419 (5.10%)
  • അന്‍വര്‍ പഴഞ്ഞി- എസ്ഡിപിഐ- 3065 (2.11%)
  • ഗണേഷ് വടേരി- വെല്‍ഫെയര്‍ പാര്‍ട്ടി- 1863 (1.28%)
  • എം പി റോഷിത്- സ്വതന്ത്രന്‍- 168 (0.12)
  • കെ സദാനന്ദന്‍ -സ്വതന്ത്രന്‍- 147 (0.10)
  • നോട്ട -467
  • പോള്‍ ചെയ്ത വോട്ട്- 145422
  • ഭൂരിപക്ഷം- 17043

പൊന്നാനിയില്‍ നിന്നും വിജയിച്ചവര്‍

  • 2021 പി നന്ദകുമാര്‍ സിപിഐഎം
  • 2016-2021 പി ശ്രീരാമകൃഷ്ണന്‍ സിപിഐഎം
  • 2011-2016 പി ശ്രീരാമകൃഷ്ണന്‍ സിപിഐഎം
  • 2006-2011 പാലോളി മുഹമ്മദ് കുട്ടി സിപിഐഎം
  • 2001-2006 എം പി ഗംഗാധരന്‍ കോണ്‍ഗ്രസ്
  • 1996-2001 പാലോളി മുഹമ്മദ് കുട്ടി സിപിഐഎം
  • 1991-1996 ഇ കെ ഇമ്പിച്ചി ബാവ സിപിഐഎം
  • 1987-1991 പി ടി മോഹന കൃഷ്ണന്‍ കോണ്‍ഗ്രസ്
  • 1982-1987 എം പി ഗംഗാധരന്‍ കോണ്‍ഗ്രസ്
  • 1980-1982 കെ ശ്രീധരന്‍ സിപിഐഎം
  • 1977-1980 എം പി ഗംഗാധരന്‍ കോണ്‍ഗ്രസ്
  • 1970-1977 ഹാജി എം വി ഹൈദ്രോസ് ഇടത് സ്വതന്ത്രന്‍
  • 1967-1970 വി പി സി തങ്ങള്‍ ഐയുഎംഎല്‍
  • 1965* കെജി കരുണാകര മേനോന്‍ കോണ്‍ഗ്രസ്
  • 1960-1965 (ദ്വയാംഗമണ്ഡലം) വി പി സി തങ്ങള്‍ ഐയുഎംഎല്‍
  • 1960-1965 (ദ്വയാംഗമണ്ഡലം) കെ കുഞ്ഞമ്പു കോണ്‍ഗ്രസ്
  • 1957-1959 (ദ്വയാംഗമണ്ഡലം) കുഞ്ഞന്‍ ഏലിയത്ത് തറയില്‍ സിപിഐ
  • 1957-1959 (ദ്വയാംഗമണ്ഡലം) കെ കുഞ്ഞമ്പു കോണ്‍ഗ്രസ്

*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

Content Highlights: Discussions are underway about probable candidates from major political parties for the Ponnani Assembly constituency in the upcoming Kerala elections

dot image
To advertise here,contact us
dot image