

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ഇടയിൽ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് ആശുപത്രി വിട്ടു. എല്ലാവരും തനിക്കൊപ്പം നിന്നതിനാലാണ് ഇപ്പോൾ ജീവനോടെ ഇരിക്കുന്നതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഉഷ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി വേദന സഹിച്ചു. എംപിമാരും എംഎൽഎമാരും പിന്തുണ നൽകിയതിനാലാണ് ഇന്ന് ജീവനോടെ ഇരിക്കുന്നത്. എല്ലാവരോടും നന്ദി പറയുന്നതായും ഉഷ ജോസഫ് പറഞ്ഞു.
തന്റെ സ്ഥിതിക്ക് കാരണക്കാരായവർക്ക് എതിരെ നടപടി സ്വീകരിക്കണം. അഞ്ചുവർഷം ചുമന്ന ഭാരം കുറഞ്ഞു. ഈ അവസ്ഥ നാളെ മറ്റൊരു സ്ത്രീക്കും ഉണ്ടാകാൻ പാടില്ലെന്നും സർക്കാർ മകന് ജോലി നൽകണമെന്നും ഉഷ ജോസഫ് പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് സ്റ്റിച്ചെടുക്കാൻ വീണ്ടും ആശുപത്രിയിലെത്തണം. നീണ്ടുനിവർന്ന് മാത്രമേ കിടക്കാൻ കഴിയുള്ളു. വേദന നന്നായി ശമിച്ചുവെന്നും ഉഷ പറഞ്ഞു.
അതേസമയം കെസി വേണുഗോപാൽ എംപിക്കും ഉഷയുടെ ചികിത്സ നടത്തിയ അമൃത ആശുപത്രിക്കും ഉഷയുടെ മകൻ നന്ദി പറഞ്ഞു. കെസി വേണുഗോപാൽ അടക്കമുള്ളവരാണ് ആശുപത്രിയിൽ വന്ന് സന്ദർശിച്ചതും ചികിത്സ ചെലവ് വഹിച്ചതും. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരുതവണ മന്ത്രി വിളിച്ചു, പിന്നീട് എച്ച് സലാം എംഎൽഎ വിളിച്ചെങ്കിലും തൃപ്തികരമായ ഇടപെടൽ ഉണ്ടായിട്ടില്ല. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഉഷയുടെ മകൻ പറഞ്ഞു.
2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും മുഴനീക്കാനുള്ള ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു എന്നാണ് ഉഷ റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും അവർ പറയുന്നുണ്ട്.
മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് ഉഷ പരിശോധനകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം കരുതിയത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടത് എന്നുമാണ് ഉഷയുടെ വാക്കുകൾ. ഇതിന് പിന്നാലെയാണ് കൊച്ചിയലെ ആശുപത്രിയിൽ ഉഷയെ പ്രവേശിപ്പിച്ചത്.
Content Highlights: Usha Joseph underwent corrective surgery at Amrita Hospital after a surgical instrument was allegedly left inside her abdomen return home after treatment