

കോഴിക്കോട്: ജില്ലയില്‍ യുഡിഎഫിന്‍റെ, അതായത് മുസ്ലിം ലീഗിന്‍റെ ഉറച്ച സീറ്റുകളില്‍ ഒന്നായിട്ടാണ് കൊടുവള്ളി വിലയിരുത്തപ്പെടുന്നത്. 1977 മുതല്‍ നടന്ന 11 തെരഞ്ഞെടുപ്പുകളില്‍ 9 തവണയും കൊടുവള്ളിയില്‍ മത്സരിച്ച് വിജയിച്ചത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളാണ്. 2006 ലും 2016 ലും മാത്രാണ് ഇടതുമുന്നണിക്ക് മണ്ഡലത്തില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സാധിച്ചത്. രണ്ട് തവണയും മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് മുന്നണി മാറിയെത്തിയവരെ സ്ഥാനാർത്ഥികളാക്കിയായിരുന്നു ഇടതിന്റെ വിജയം.
2021 ല്‍ എംകെ മുനീർ സിറ്റിങ് എംഎല്‍എയായിരുന്ന കാരാട്ട് റസാഖിനെതിരെ 6344 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലം പിടിച്ചെടുത്തത്. കോഴിക്കോട് ജില്ലയില്‍ യുഡിഎഫിന് നേടാന്‍ സാധിച്ച രണ്ട് സീറ്റുകളിലൊന്നായും കൊടുവള്ളിമാറി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ മണ്ഡലം നിലനിർത്താമെന്നാണ് യുഡിഎഫ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും നടത്തിയ മുന്നേറ്റവും അവർക്ക് ആത്മവിശ്വാസം നല്‍കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി നഗരസഭ അടക്കമുള്ള മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും യുഡിഎഫിനൊപ്പം നിന്നു. കൊടുവള്ളി നഗരസഭയ്ക്ക് പുറമെ മടവൂർ, ഓമശ്ശേരി, കട്ടിപ്പാറ, കിഴക്കോട്ട്, നരിക്കുനി, താമരശ്ശേരി എന്നീ പഞ്ചായത്തുകളാണ് കൊടുവള്ളി മണ്ഡലത്തിന് കീഴില്‍ വരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ 38000 ത്തോളം വോട്ടിന്‍റെ ലീഡും യുഡിഎഫിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മറുവശത്ത് 2016ഉം 2006ഉം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
നിലവിലെ എംഎല്‍എയായ എം കെ മുനീർ തന്‍റെ പഴയ തട്ടകമായ കോഴിക്കോട് സൗത്തിലേക്ക് മാറിയാല്‍ കൊടുവള്ളിയിലേക്ക് കെഎം ഷാജി, പികെ ഫിറോസ് എന്നിവരുടെ പേര് പരിഗണിച്ചേക്കാം. എന്നാല്‍ പുറത്ത് നിന്നുള്ള ആളുകള്‍ വേണ്ടെന്ന വികാരം ശക്തമായാല്‍ മുന്‍എംഎല്‍എ വി എം ഉമ്മർ, 2016 ല്‍ മത്സരിച്ച് തോറ്റ എം എ റസാഖ് മാസ്റ്റർ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും മുന്‍ഗണന.
എല്‍ഡിഎഫിലേക്ക് വന്നാല്‍ കാരാട്ട് റസാഖിനെ വീണ്ടും മത്സരിപ്പിക്കണമെന്ന അഭിപ്രായമുള്ളവർ നിരവധിയാണ്. ഇടക്കാലത്ത് ലീഗിലേക്ക് മടങ്ങുമെന്ന രീതിയിലുള്ള അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും സിപിഐഎം തീരുമാനിച്ചാല്‍ ഇത്തവണയും മത്സരിക്കാന്‍ തയ്യാറാണെന്ന് കാരാട്ട് റസാഖ് പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാട്ട് റസാഖ് അല്ലെങ്കില്‍ സിപിഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റി അംഗവുമായ കെ ജമീല, എസ്എഫ്ഐ നേതാവ് സയ്യിദ് മുഹമ്മദ് സാദിഖ് എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീഴാനുള്ള സാധ്യതയും ഏറെയാണ്. എന്‍ഡിഎയില്‍ നിന്നും കഴിഞ്ഞ തവണ മത്സരിച്ച ബാലസോമന്‍, ഗിരീഷ് തേവള്ളി എന്നിവരില്‍ ഒരാള്‍ക്കായിരിക്കും സാധ്യത.
2021 ലെ തെരഞ്ഞെടുപ്പ് ഫലം
കൊടുവള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചവർ
Content Highlights: Possible candidates from major political parties in Koduvally constituency are being discussed ahead of the Kerala Assembly elections