'ബംഗാളും ത്രിപുരയുമാകാൻ അധികസമയം വേണ്ട, പുനർവിചിന്തനം വേണം'; പി കെ ശ്യാമളയ്ക്കെതിരെ CPIM പ്രവർത്തകർ

ജനകീയനായ ഒരാളെ നിശ്ചയിക്കണമെന്നും വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നത് എന്നും പ്രവർത്തകർ കുറിക്കുന്നുണ്ട്

'ബംഗാളും ത്രിപുരയുമാകാൻ അധികസമയം വേണ്ട, പുനർവിചിന്തനം വേണം'; പി കെ ശ്യാമളയ്ക്കെതിരെ CPIM പ്രവർത്തകർ
dot image

കണ്ണൂർ: തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയായതിൽ എതിർപ്പുമായി ഒരു വിഭാഗം സിപിഐഎം പ്രവർത്തകർ രംഗത്തെത്തി. വ്യക്തിക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യതയാണ് പ്രധാനമെന്നും നേതൃത്വം മാറ്റിചിന്തിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിലാണ് പ്രവർത്തകർ പി കെ ശ്യാമളയ്ക്കെതിരെ രംഗത്തുവന്നത്.

പാർട്ടി തിരുത്തണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാൻ അധികസമയം വേണ്ടിവരില്ല എന്നും തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാർത്ഥിത്വം പുനർചിന്തനം അർഹിക്കുന്നുവെന്നും പ്രവർത്തകർ പറയുന്നു. ജനകീയനായ ഒരാളെ നിശ്ചയിക്കണമെന്നും വികാരം കൊണ്ടല്ല വിവേകം കൊണ്ടാണ് ഇത്തരത്തിൽ ആവശ്യപ്പെടുന്നത് എന്നും പ്രവർത്തകർ കുറിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സറിയാൻ പറ്റാത്ത നേതൃത്വമാണ് ഉള്ളതെന്നും പാർട്ടിയെ സ്നേഹിക്കുന്നവരെ പൊട്ടന്മാരാക്കരുത് എന്നും പ്രവർത്തകരുടെ കുറിപ്പുകളിലുണ്ട്.

തളിപ്പറമ്പ് മണ്ഡലത്തിൽ ആന്തൂർ നഗരസഭ മുൻ അധ്യക്ഷയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഇപ്പോള്‍ സിപിഐഎം ആലോചിക്കുന്നത്. എം വി ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എംഎൽഎ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതിനാലാണ് ഗോവിന്ദൻ മത്സരിക്കാത്തത്.

അതേസമയം,മുൻ മന്ത്രി കെ കെ ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കാനാണ് സിപിഐഎം തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കുന്നത്. മട്ടന്നൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് മത്സരിക്കുക.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂർ. യുഡിഎഫിന്റെ കോട്ടയായ മണ്ഡലം, ജനകീയയായ ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. 2006ൽ പേരാവൂരിൽനിന്നും മത്സരിച്ച് ജയിച്ച ശൈലജ, 2011ൽ സണ്ണി ജോസഫിനോട് തോറ്റിരുന്നു. ഇത്തവണയും പേരാവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ആയിരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ കടുത്ത മത്സരത്തിനായിരിക്കും പേരാവൂർ സാക്ഷ്യംവഹിക്കുക.

Content Highlights: Internal dissent has surfaced within the Communist Party of India Marxist in Thaliparamba after party workers opposed the decision to field P K Shyamala, wife of senior leader M. V. Govindan, as a candidate. A section of grassroots members argue that public acceptance and local credibility should be the primary criteria for candidature

dot image
To advertise here,contact us
dot image