തൃണമൂലിനൊപ്പം നിന്നത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയ തീരുമാനം; തുറന്നുപറഞ്ഞ് അന്‍വറിന്റെ അനുയായി

ചര്‍ച്ചാപാത്രമാകേണ്ടെന്ന് കരുതിയാണ് പാര്‍ട്ടി ബന്ധം വിച്ഛേദിച്ച കാര്യം ഒളിച്ചുവെച്ചതെന്നും കെ ടി അബ്ദുറഹ്‌മാന്‍

തൃണമൂലിനൊപ്പം നിന്നത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയ തീരുമാനം; തുറന്നുപറഞ്ഞ് അന്‍വറിന്റെ അനുയായി
dot image

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നിന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയ തീരുമാനം എന്ന് മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ അനുയായിയും തൃണമൂല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററുമായിരുന്ന കെ ടി അബ്ദുറഹ്‌മാന്‍. നാല് മാസം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും രാജിവെച്ചെന്നും പാര്‍ട്ടിയുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ചെന്നും അബ്ദുറഹ്‌മാന്‍ പറഞ്ഞു.

ചര്‍ച്ചാപാത്രമാകേണ്ടെന്ന് കരുതിയാണ് പാര്‍ട്ടി ബന്ധം വിച്ഛേദിച്ച കാര്യം ഒളിച്ചുവെച്ചത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇപ്പോള്‍ അക്കാര്യം എഴുതുന്നത്. ഇപ്പോള്‍ താന്‍ പൂര്‍ണ്ണമായും ബിസിനസ്സ് തിരക്കിലാണെന്നും കെ ടി അബ്ദുറഹ്‌മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'നാട്ടിന്‍പുറത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇന്ന് നിങ്ങള്‍ കാണുന്ന സംരംഭകനായി ഞാന്‍ വളര്‍ന്നത്. ആ യാത്രയില്‍ എന്നെ ചേര്‍ത്തുപിടിച്ചവരും പ്രോത്സാഹിപ്പിച്ചവരും ഒരുപാടുണ്ട്. ആ സ്‌നേഹമാണ് എന്റെ കരുത്ത്. ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും യാത്രാവിശേഷങ്ങള്‍ക്കും ബിസിനസ്സ് വിശേഷങ്ങള്‍ക്കും ചിലപ്പോഴൊക്കെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളിലുള്ള നിലപാടുകളും ഞാന്‍ പങ്കുവെക്കാറുണ്ട്. ഈ അടുത്ത കാലത്ത് ഞാനിടുന്ന ഓരോ കുറിപ്പുകള്‍ക്കും താഴെ ചില കമന്റുകള്‍ സ്ഥിരമായി കാണാറുണ്ട്. ത്രിണം കെ.ടി, കാലുവാരി, നിലപാടില്ലാത്തവന്‍…etc… ഇങ്ങനെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നിരവധി വാക്കുകള്‍. എല്ലാം ഞാന്‍ വായിക്കാറുണ്ട്. ചിലത് വേദനിപ്പിക്കാറുമുണ്ട്. പലര്‍ക്കും ഉള്ള സംശയങ്ങള്‍ക്ക് ഒരു മറുപടിയായിട്ടാണ് ഈ കുറിപ്പ്.
എന്റെ ജീവിതാനുഭവങ്ങളും ബോധ്യങ്ങളും എന്നെ എന്നും ഇടതുപക്ഷ മനസ്സിനൊപ്പം നിര്‍ത്തിയതാണ്. ആ യാത്രയില്‍ നിന്നാണ് നിങ്ങള്‍ പലരും എന്നെ സ്‌നേഹിച്ചതും അംഗീകരിച്ചതും. ഒരു ഇടതുപക്ഷ പ്രവര്‍ത്തകനെന്ന നിലയില്‍ പ്രവര്‍ത്തകരുടെ അളവറ്റ സ്‌നേഹവും പിന്തുണയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അതില്‍ അഭിമാനമുണ്ട്.'

Also Read:

'ഒരു പ്രത്യേക സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കേണ്ടി വന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയ തീരുമാനമായിരുന്നു അതെന്ന് തിരിച്ചറിഞ്ഞു. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് എഴുതാം. എന്നാല്‍ നാലുമാസം മുമ്പ് തന്നെ എല്ലാ ഭാരവാഹിത്തങ്ങളും രാജിവെച്ചു. ആ ബന്ധം പൂര്‍ണ്ണമായി അവസാനിപ്പിച്ചതുമാണ്. അക്കാര്യം വിളിച്ചു പറഞ്ഞു ചര്‍ച്ചാപാത്രമാകേണ്ടെന്ന് കരുതിയാണ് അക്കാര്യം ഇത്രനാള്‍ ഒളിച്ചുവെച്ചത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇങ്ങിനെ ഒരു കുറിപ്പ് ഇടാന്‍ പ്രേരിപ്പിച്ചത്. ഒരുപാട് സൗഹൃദങ്ങള്‍ എനിക്കുണ്ട്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപാടുള്ളവരും ഭിന്നാഭിപ്രയങ്ങളുള്ളവരു ഉണ്ടാകാം, പക്ഷേ സൗഹൃദങ്ങള്‍ എന്നും ഉണ്ടാകും. ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും എന്റെ ബിസിനസ്സ് തിരക്കിലാണ്. പുതിയ ആശയങ്ങള്‍, പുതിയ സ്വപ്നങ്ങള്‍… അവ യാഥാര്‍ത്ഥ്യമാക്കാനുള്ള ഓട്ടത്തിലാണ് ഞാന്‍. എന്റെ നിലപാടുകളില്‍ മാറ്റമില്ല, പക്ഷേ എന്റെ ലക്ഷ്യം ഇപ്പോള്‍ എന്റെ സംരംഭങ്ങളെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ്. വിമര്‍ശിക്കുന്നവരോടും സ്‌നേഹിക്കുന്നവരോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ നല്ലതിനെ എന്നും ഹൃദയത്തോട് ചേര്‍ക്കുന്നതാണ് എന്റെ രീതി. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയും പിന്തുണയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.' കെ ടി അബ്ദുറഹ്‌മാന്‍ കുറിച്ചു.

Content Highlights: Standing with Trinamool Congress is biggest wrong political decision said KT Abdu Rahiman

dot image
To advertise here,contact us
dot image