

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ലീഗ് ഒരുക്കിയ ടൗണ്‍ഷിപ്പിനോട് ചേര്‍ച്ച് ആരാധനാലയങ്ങളും ഒരുക്കുമെന്ന് മുസ്‌ലിം ലീഗ്. ഇതിനുള്ള സൗകര്യമൊരുക്കുമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ടൗണ്‍ഷിപ്പിനോട് ചേര്‍ന്ന് സ്ഥലം കണ്ടെത്തി ആരാധനാലയങ്ങള്‍ക്കുള്ള സൗകര്യം ചെയ്തുകൊടുക്കുകയെന്നത് വിചാരിച്ചാല്‍ സാധിക്കും. പാര്‍ട്ടി കമ്മിറ്റിയില്‍ അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ദുരിതബാധിതര്‍ക്കായി മുസ്‌ലിം ലീഗ് ഒരുക്കിയ വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കാനിരിക്കെയാണ് പ്രതികരണം. വീടുകളുടെ നിര്‍മ്മാണം വളരെ വേഗം പൂര്‍ത്തിയാക്കുകയെന്നത് നിശ്ചയദാര്‍ഢ്യമായിരുന്നുവെന്നും പാര്‍ട്ടിയും തങ്ങളും അത് ഏറ്റെടുക്കുകയായിരുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'നമ്മളില്‍ വിശ്വാസം അര്‍പ്പിച്ച്, സര്‍ക്കാര്‍ പട്ടികയില്‍ നിന്നും നമ്മുടെ കൂടെ വന്നയാളുകള്‍ കാത്തിരിക്കാന്‍ പാടില്ലെന്ന നിലപാടാണ് ആദ്യം മുതല്‍ മുസ്‌ലിം ലീഗ് എടുത്തത്. ഏറ്റവും മികച്ച ആര്‍കിടെക്ട്, ഏറ്റവും നല്ല കോണ്‍ട്രാക്ട് അടക്കം പ്രൊഫഷണല്‍ ആയ ആളുകളെ വെച്ച് പ്രൊഫഷണല്‍ ആയാണ് കാര്യങ്ങള്‍ ചെയതത്. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. സന്തോഷം ഉണ്ട്', എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍. നല്ല വിലകൊടുത്ത് ഭൂമി വാങ്ങിയാലും അത് പ്രകൃതി മനോഹരമായ സ്ഥലമാണ്. പ്രധാന റോഡിനോട് ചേര്‍ന്നാണ് വീടുകള്‍ ഒരുങ്ങിയത്. തൊട്ടടുത്ത് കോളേജും സ്‌കൂളും ഉണ്ട്. ടൗണിലേക്ക് പോകാനും വളരെ എളുപ്പമാണ്. എന്തുകൊണ്ടും പറ്റിയ സ്ഥലമാണ്. നമുക്ക് താമസിക്കാന്‍ തോന്നും. എന്തിനും തയ്യാറുള്ള മനുഷ്യരുണ്ട് നമുക്ക് ചുറ്റും. നമ്മള്‍ പറഞ്ഞപ്പോള്‍ തന്നെ ഫര്‍ണ്ണിച്ചറുകള്‍ വന്നു. ഇന്ന് ഭക്ഷണംകൊടുക്കാനും സന്നദ്ധസംഘടനകള്‍ രംഗത്തെത്തി. മനുഷ്യന്റെ നല്ല മനസ്സിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. അത് പരാജയപ്പെടില്ലയെന്നത് യാഥാര്‍ത്ഥ്യമാണ്. അതിനുള്ള തെളിവാണ് മുസ്‌ലിം ലീഗ് നിര്‍മ്മിച്ച വീട് എന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം പൊങ്കാല സംബന്ധിച്ച് പാളയം ഇമാം നടത്തിയ പ്രസംഗം കാലികമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സമൂഹത്തിന് മികച്ച സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന് നടത്തും. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വൈകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും. പ്രിയങ്കാ ഗാന്ധി എംപിയാണ് ചടങ്ങില്‍ മുഖ്യാതിഥി. മുസ്‌ലിം ലീഗ് ദേശീയ- സംസ്ഥാനതല നേതാക്കളും യുഡിഎഫിന്റെ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്‌ലിം ലീഗിന്‍റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിംഗ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്. 105 വീടുകളാണ് മുസ്ലിം ലീഗ് നിര്‍മ്മിച്ചു നല്‍കുന്നത്. അതിലെ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 51 വീടുകളാണ് ഇന്ന് കൈമാറുക. രണ്ടാംഘട്ട വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി മുസ്‌ലിം ലീഗ് അറിയിച്ചു. നിലവിലുള്ള പ്രൊജക്ട് സെറ്റിന് സമീപം തന്നെയാണ് രണ്ടാംഘട്ട വീടുകളും ഒരുങ്ങുന്നത്. മെയ് 30നകം ഈ വീടുകള്‍ കൂടി സജ്ജമാക്കുമെന്നാണ് നേതൃത്വം അറിയിക്കുന്നത്.
Content Highlights: Places of worship will built near League Township Said P K Kunhalikutty