'കോളേജ് D K ശിവകുമാറിന്റെ ബന്ധുവിൻ്റെ, ബെംഗളൂരു പൊലീസ് അനങ്ങുന്നില്ല'; നിയമപോരാട്ടത്തിന് ആദിത്യന്റെ കുടുംബം

അരുവിക്കര പൊലീസില്‍ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം

'കോളേജ് D K ശിവകുമാറിന്റെ ബന്ധുവിൻ്റെ, ബെംഗളൂരു പൊലീസ് അനങ്ങുന്നില്ല'; നിയമപോരാട്ടത്തിന് ആദിത്യന്റെ കുടുംബം
dot image

തിരുവനന്തപുരം: ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിയമപോരാട്ടത്തിന് കുടുംബം. ബെംഗളൂരുവില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്നാണ് ആദിത്യന്റെ കുടുംബം പറയുന്നത്. ആദിത്യന്‍ പഠിച്ച ബെംഗളൂരു ബിടിഎല്‍ നഴ്‌സിങ് കോളേജ് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ ബന്ധുവിന്റേതാണെന്നും അതുകൊണ്ടുതന്നെ പൊലീസ് അനങ്ങുന്നില്ലെന്നും കുടുംബം പറഞ്ഞു. അരുവിക്കര പൊലീസില്‍ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. നാളെ പരാതി നല്‍കുമെന്നും ആദിത്യന്റെ കുടുംബം പറഞ്ഞു.

കോളേജിലെ അധ്യാപകന്‍ സന്ദീപ് പാണ്ഡ്യയ്‌ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു. ആദിത്യന്റെ മരണത്തിന് കാരണം മാനസിക പീഡനം തന്നെയാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകനെതിരെ പരാതിയുണ്ട്. മകന്‍ ആത്മഹത്യ ചെയ്യില്ല. അധ്യാപകനെതിരെ നടപടി എടുക്കാന്‍ കോളേജ് തയ്യാറാകണം. മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണം. നീതി കിട്ടും വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ (19) ബുധനാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്സിങിലെ രണ്ടാംവര്‍ഷം ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യന്‍. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയിലായിരിന്നു ആദിത്യനെ കണ്ടെത്തിയത്. നാലുപേരുളള മുറിയിലായിരുന്നു ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെയുളളവര്‍ കോളേജില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlights- Adithyan’s family has alleged that Bengaluru Police are not taking action in a case involving a college reportedly linked to a relative of D K Shivakumar

dot image
To advertise here,contact us
dot image