

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് വീണാ ജോർജ് വീണ്ടും ജനവിധി തേടും. വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി. കോന്നിയിൽ നിലവിലെ എംഎൽഎ കെ യു ജനീഷ്‌കുമാറിനെ മത്സരിപ്പിക്കാനും തീരുമാനമായി. തോമസ് ഐസക്കും, സി എസ് സുജാതയും പങ്കെടുത്ത യോഗത്തിലാണ് സിറ്റിങ് എംഎൽഎമാരെത്തന്നെ വീണ്ടും കളത്തിലിറക്കാൻ തീരുമാനമായത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിലാണ് സിപിഐഎം മത്സരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ആലോചനകൾ സിപിഐഎമ്മിൽ തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ സിറ്റിങ് എംഎൽഎമാരെത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനമായിരുന്നു. വിജയസാധ്യത പരിഗണിച്ചാണ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയിലെത്തിയത്.
കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ നിന്നുതന്നെ ജനവിധി തേടും. വി ജോയ് വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് പുതിയ ജില്ലാ സെക്രട്ടറി വന്നേക്കും. ഇതിന് പുറമെ തിരുവനന്തപുരം സെൻട്രൽ, കോവളം സീറ്റുകൾ ഏറ്റെടുക്കണമെന്ന ആവശ്യവും ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നുവന്നിരുന്നു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയമസഭ മണ്ഡലത്തില്‍ സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം ആലോചിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് ചെറുതെങ്കിലും മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആലോചനയാണ് സ്വരാജിലേക്കെത്തിയിരിക്കുന്നത്. നിലവിലെ എംഎല്‍എ പി നന്ദകുമാറും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം സിദ്ധിഖും പൊന്നാനിയിലേക്കുള്ള സാധ്യത പട്ടികയിലിടം തേടിയിട്ടുണ്ട്. ടി എം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയിരുന്നു.
Content Highlights: Kerala Health Minister Veena George will once again contest from the Aranmula constituency in the upcoming Kerala Assembly elections. The decision was taken at the Pathanamthitta district secretariat meeting of the party. Meanwhile, it was also decided to field sitting MLA K U Janish Kumar from the Konni constituency