

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ സൂപ്രണ്ടിന് പരിക്കേറ്റതില്‍ ആഹ്വാനം ചെയ്ത സമരത്തിൽ അയവ് വരുത്തി കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ). നെടുമങ്ങാട് സംഘർഷത്തിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തീരുമാനം.
ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികൾ ബഹിഷ്‌കരിക്കുമെന്ന തീരുമാനവും കെജിഎംഒഎ മാറ്റി. തിരുവനന്തപുരം ജില്ലാ ജനറൽ ബോഡിയുടെ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ നിസ്സഹരണ സമരം തുടരുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷനിൽ തീരുമാനമെടുക്കണമെന്ന ആവശ്യവുമായാണ് നിസ്സഹകരണ സമരം തുടരുന്നത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ചത് ഡോ.ബിന്ദു സുന്ദറിന്റെ ഭാഗത്ത് നിന്നുമുണ്ടായ ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് ആശുപത്രിയുടെ നേർക്ക് പ്രതിഷേധവുമായി എത്തിയത് ആൾക്കൂട്ടാക്രമണത്തിന്റെ തലത്തിലേക്ക് മാറിയെന്നും സൂപ്രണ്ടായ ഡോ. സുമയ്ക്ക് ഗുരുതര പരിക്കേറ്റു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു കെജിഎംഒഎ ജില്ലയിൽ പ്രതിഷേധം ആരംഭിച്ചത്. സംഭവിച്ചത് ചികിത്സാപ്പിഴവല്ലെന്നും അതുകൊണ്ട് തന്നെ ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു വിതുര സ്വദേശികളായ എൻ കെ നിരഞ്ജന കൃഷ്ണന്റെയും ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞ് മരിച്ചത്. പതിനാറാം തീയതി രാവിലെ പത്തിന് ഒൻപതാം മാസത്തെ സ്‌കാൻ റിപ്പോർട്ട് കാണിക്കാൻ ഗൈനക്കോളജി വിഭാഗത്തിൽ എത്തിയതായിരുന്നു നിരഞ്ജനയും ഭർത്താവും. തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനേഴിന് പുലർച്ചെ 4.30ന് ലേബർ റൂമിൽ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസവം നടന്നില്ലെങ്കിൽ ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ രണ്ട് മണിയായിട്ടും പ്രസവം നടന്നില്ല. തുടർന്ന് 2.20 ന് ആബുലൻസിൽ നിരഞ്ജനയെ മറ്റൊരു കെട്ടിടത്തിലെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റി. ഇവിടെ എത്തി പത്ത് മിനിറ്റിനുള്ളിൽ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിന് ശേഷമാണ് ബിനിലിനെ വിളിച്ച് കാര്യം പറയുന്നത്. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിനിടെയായിരുന്നു സൂപ്രണ്ടിനെ ആൾക്കൂട്ടം മർദിച്ചതായുള്ള പരാതി ഉയർന്നത്. ഇതിൽ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ല എന്നായിരുന്നു കെജിഎംഒഎയുടെ വിമർശനം.
അതേസമയം, കുഞ്ഞ് മരിച്ചതിൽ പ്രതിഷേധം വ്യാപകമായതോടെയായിരുന്നു ആരോപണ വിധേയായ ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തത്. കുഞ്ഞ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി വിദഗ്ധ സമിതിയെ രൂപീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തിൽ ബിന്ദു സുന്ദറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. നേരത്തേ തന്നെ സിസേറിയൻ ചെയ്യാമായിരുന്ന സാഹചര്യമുണ്ടായിരുന്നിട്ടും ബിന്ദു സുന്ദർ അതിലേക്ക് കടന്നില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് വിദഗ്ധ സമിതി ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.
ഡോക്ടർ ബിന്ദു സുന്ദറിനെതിരെ മുൻപും പരാതികൾ ഉയർന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസർജ്യം പുറത്തേയ്ക്ക് പോകുന്നുവെന്ന പരാതിയിൽ ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ചികിത്സ നടത്താനായി കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിരുന്നു.
Content Highlights : KGMOA relaxes on the protest in Nedumangadu hospital incident, they will also agrees to do Aattukal Pongala duties