'ആള്‍ക്കൂട്ട ആക്രമണത്തില്‍ സൂപ്രണ്ടിന് സെര്‍വിക്കല്‍ സ്‌പൈന്‍ ഇഞ്ചുറി സംഭവിച്ചു'; സമരം ശക്തമാക്കുമെന്ന് KGMOA

തങ്ങളെ കൊന്നാലും കുഴപ്പമില്ലെന്നാണോയെന്ന് കെജിഎംഒഎ ഭാരവാഹി ഡോ. സുനിത ചോദിച്ചു.

'ആള്‍ക്കൂട്ട ആക്രമണത്തില്‍ സൂപ്രണ്ടിന് സെര്‍വിക്കല്‍ സ്‌പൈന്‍ ഇഞ്ചുറി സംഭവിച്ചു'; സമരം ശക്തമാക്കുമെന്ന് KGMOA
dot image

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ ആരോപണവുമായി കെജിഎംഒഎ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍). ആശുപത്രി സൂപ്രണ്ട് ഡോ. സുമിയെ ആള്‍ക്കൂട്ടം പരസ്യമായി വിചാരണ ചെയ്തതായി കെജിഎംഒഎ ആരോപിച്ചു. ഡോ. സുമിക്ക് സെര്‍വിക്കല്‍ സ്‌പൈന്‍ ഇഞ്ചുറി സംഭവിച്ചു. കഴുത്തും കൈകളും അനക്കാന്‍ കഴിയാത്ത അവസ്ഥയാണിതെന്നും ഇന്നലെ വരെ സുമി ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ ആയിരുന്നു. തങ്ങളെ കൊന്നാലും കുഴപ്പമില്ലെന്നാണോയെന്ന് കെജിഎംഒഎ ഭാരവാഹി ഡോ. സുനിത ചോദിച്ചു.

സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും കെജിഎംഒഎ ആരോപിച്ചു. വിഷയത്തില്‍ സമരം ശക്തമാക്കാനാണ് കെജിഎംഒഎയുടെ തീരുമാനം. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിക്കുമെന്നും സമരം ജില്ലാതലത്തില്‍ നിന്നും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

നവജാതശിശു മരിച്ച സംഭവത്തില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ഡോ. ബിന്ദു സുന്ദറിനെ തിരിച്ചെടുക്കണമെന്നും സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കെജിഎംഒഎ സമരത്തിലാണ്. ആശുപത്രിയിലെ അടിയന്തരമല്ലാത്ത സേവനങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് കെജിഎംഒഎ പറയുന്നത്. ഉന്നയിച്ച ആവശ്യങ്ങളില്‍ നടപടി ഉണ്ടാകും വരെ സമരം തുടരുമെന്നും കെജിഎംഒഎ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു വിതുര സ്വദേശികളായ എന്‍ കെ നിരഞ്ജന കൃഷ്ണന്റെയും ബിനില്‍ മനോഹറിന്റെയും പെണ്‍കുഞ്ഞ് മരിച്ചത്. പതിനാറാം തീയതി രാവിലെ പത്തിന് ഒന്‍പതാം മാസത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് കാണിക്കാന്‍ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയതായിരുന്നു നിരഞ്ജനയും ഭര്‍ത്താവും. തുടര്‍ന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനേഴിന് പുലര്‍ച്ചെ 4.30ന് ലേബര്‍ റൂമില്‍ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസവം നടന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് മണിയായിട്ടും പ്രസവം നടന്നില്ല. തുടര്‍ന്ന് 2.20 ന് ആബുലന്‍സില്‍ നിരഞ്ജനയെ മറ്റൊരു കെട്ടിടത്തിലെ ശസ്ത്രക്രിയ തീയറ്ററിലേക്ക് മാറ്റി. ഇവിടെ എത്തി പത്ത് മിനിറ്റിനുള്ളില്‍ ശസ്ത്രക്രിയ കഴിഞ്ഞു. ഇതിന് ശേഷമാണ് ബിനിലിനെ വിളിച്ച് കാര്യം പറയുന്നത്. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെയായിരുന്നു സൂപ്രണ്ടിനെ ആൾക്കൂട്ടം മർദിച്ചത്. സൂപ്രണ്ട് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.

സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെയായിരുന്നു ആരോപണ വിധേയയാ ഡോ. ബിന്ദു സുന്ദറിനെ സസ്പെന്‍ഡ് ചെയ്തത്. കുഞ്ഞ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതിയെ രൂപീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തില്‍ബിന്ദു സുന്ദറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. നേരത്തേ തന്നെ സിസേറിയന്‍ ചെയ്യാമായിരുന്ന സാഹചര്യമുണ്ടായിരുന്നിട്ടും ബിന്ദു സുന്ദര്‍ അതിലേക്ക് കടന്നില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വിദഗ്ധ സമിതി ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.

ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസര്‍ജ്യം പുറത്തേയ്ക്ക് പോകുന്നുവെന്ന പരാതിയില്‍ ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ചികിത്സ നടത്താനായി കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

Content Highlights- Medical superintendent was injured in a group attack, resulting in a cervical spine injury. The Kerala Government Medical Officers Association (KGMOA) has stated that protests will be intensified in response to the incident.

dot image
To advertise here,contact us
dot image