

തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് തൃശ്ശൂരിലെ ഗുരുവായൂരിൽ വോട്ട് ചേർത്തതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ഓരോ തെരഞ്ഞെടുപ്പിലും പലയിടത്ത് വോട്ട് ചേർക്കുന്ന കുമ്പിടിയാണ് സുരേഷ് ഗോപിയെന്ന് അനിൽ അക്കര ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
'കുമ്പടിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ, രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരു വർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ല ഒറ്റക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ.' എന്നാണ് അനിൽ അക്കരയുടെ കുറിപ്പ്.
പുതുക്കിയ വോട്ടർപട്ടിക പ്രകാരം സുരേഷ് ഗോപിക്ക് ഗുരുവായൂരിലാണ് വോട്ടുള്ളത്. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് സുരേഷ് ഗോപിയെ ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ലാറ്റിലാണ് അദ്ദേഹത്തിൻറെ വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. ഫ്‌ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും അച്യുതത്തിൽ ഫ്‌ലാറ്റ് ഉണ്ട്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. ഇത് വലിയ വിവാദത്തിനും ഇടയാക്കിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലാണ് വോട്ട് ചെയ്തത്. എന്നാൽ അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്.
അതേസമയം വോട്ട് ചേർക്കലിൽ വിമർശനം ഉയർന്നതോടെ വിശദീകരണവുമായി സുരേഷ് ഗോപി എംപിയുടെ ഓഫീസ് രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നെട്ടിശ്ശേരിയിലെ വാടക വീടിന്റെ വിലാസത്തിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. നെട്ടിശ്ശേരിയിലെ വാടക വീട് വില്പന നടത്തിയതിനാലാണ് ഗുരുവായൂരിലെ സ്വന്തം ഫ്‌ളാറ്റിലേക്ക് വോട്ട് മാറ്റിയത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവെന്നാണ് വിശദീകരണം.
Content Highlights: Congress leader Anil Akkara strongly criticized the inclusion of Union Minister Suresh Gopi’s vote in the Guruvayur electoral list