'ബീഫ് ഫെസ്റ്റ് മുസ്‌ലിം വോട്ട് കിട്ടാനുള്ള രാഷ്ട്രീയക്കളി'; SFIയുടെ ബീഫ് ഫെസ്റ്റിനെതിരെ മുസ്‌ലിം ലീഗും

'ബീഫ് ഫെസ്റ്റ് സാധാരണക്കാരായ മുസ്‌ലിങ്ങളെ വഞ്ചിക്കാന്‍ സിപിഐഎം സ്വീകരിച്ച നിലപാടാണ്. അതുപോലെയല്ല കേരള സ്‌റ്റോറി'

'ബീഫ് ഫെസ്റ്റ് മുസ്‌ലിം വോട്ട് കിട്ടാനുള്ള രാഷ്ട്രീയക്കളി'; SFIയുടെ ബീഫ് ഫെസ്റ്റിനെതിരെ മുസ്‌ലിം ലീഗും
dot image

കോഴിക്കോട്: കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനെതിരെ മുസ്‌ലിം ലീഗും. പ്രകോപന സമരമുറയാണിതെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത എംഎസ്എഫ് നിലപാടിനെ പിഎംഎ സലാം പിന്തുണച്ചു. ആര്‍എസ്എസിനെ പോലെ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്ന് പിഎംഎ സലാം പറഞ്ഞു. മുസ്‌ലിം വോട്ട് ലക്ഷ്യമിട്ടാണ് നീക്കം. ബീഫും മുസ്‌ലിം സമുദായവും തമ്മില്‍ ബന്ധമില്ല. കേരള സ്‌റ്റോറിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.റിപ്പോര്‍ട്ടറിനോടായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.

'ബീഫ് ഏതെങ്കിലും സമുദായത്തിന്റെയാണോ?. ബീഫും സമുദായവും തമ്മില്‍ എന്താണ് ബന്ധം?. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്നതും ബീഫ് സംസ്‌കരിക്കുന്ന ഫാക്ടറികളുടെ ഉടമകളും ബിജെപിക്കാരും ആര്‍എസ്എസുകാരും മുസ്‌ലിങ്ങളുമാണ്. ബീഫും മുസ്‌ലിങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബീഫ് ഫെസ്റ്റ് സാധാരണക്കാരായ മുസ്‌ലിങ്ങളെ വഞ്ചിക്കാന്‍ സിപിഐഎം സ്വീകരിച്ച നിലപാടാണ്. അതുപോലെയല്ല കേരള സ്‌റ്റോറി. വിവിധ സമുദായങ്ങളെ തമ്മില്‍ ശസ്ത്രുക്കളാക്കുകയാണ് കേരള സ്‌റ്റോറി എന്ന സിനിമ ചെയ്യുന്നത്', പിഎംഎ സലാം പറഞ്ഞു. ബീഫ് കഴിക്കാത്ത ആളുകളുണ്ടല്ലോയെന്നും അങ്ങനെയുള്ളവരോട് ബീഫ് കഴിക്കണമെന്ന് ആരും പറയുന്നില്ലെന്നും പിഎഎ സലാം പറഞ്ഞു. ബീഫ് ഫെസ്റ്റ് പ്രകോപനപരമാണ്. മുസ്‌ലിം വോട്ട് കിട്ടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണിത്. അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. ഒരു ഭാഗത്ത് മുസ്‌ലിങ്ങളെ പീഡിപ്പിക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ബിജെപിയെ സഹായിക്കുകയും ചെയ്യുകയാണ്. മറുവശത്ത് തങ്ങള്‍ മുസ്‌ലിങ്ങളോടൊപ്പമാണെന്ന് സ്ഥാപിക്കാനാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ തോന്നിവാസം കാണിക്കുന്നതെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.

Also Read:

അതിനിടെ എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റിനെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് പറഞ്ഞു. ബിജെപിയും സിപിഐഎമ്മും വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ബീഫ് ഫെസ്റ്റിനെ പിന്തുണയ്ക്കുന്നത് എസ്ഡിപിഐയാണെന്നും നജാഫ് പറഞ്ഞു. വിഷയത്തില്‍ ലീഗിനും സമാന നിലപാടാണുള്ളത്. ലീഗ് വിശ്വാസികള്‍ക്കൊപ്പമായതിനാലാണ് അങ്ങനെ നിലപാട് സ്വീകരിച്ചത്. വിശ്വാസികളെ ആര്‍എസ്എസിന്റെ ആലയില്‍ കെട്ടരുതെന്നും സി കെ നജാഫ് പറഞ്ഞു. ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത തന്റെ നിലപാടിനെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നല്‍കിയ പിന്തുണയെ സി കെ നജാഫ് തള്ളുകയും ചെയ്തു.

കേരള സ്റ്റോറി 2നെതിരെ ബീഫ് ഫെസ്റ്റ് നടത്തുമെന്ന എസ്എഫ്‌ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു വിമര്‍ശനവുമായി സി കെ നജാഫ് രംഗത്തെത്തിയത്. ബീഫ് ഫെസ്റ്റ് നടത്തിയാല്‍ കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നില്‍ക്കുമെന്നോ തെറ്റിദ്ധാരണ സിപിഐഎമ്മിന് ഇപ്പോഴുമുണ്ടോ എന്ന് ചോദിച്ചായിരുന്നു സി കെ നജാഫ് രംഗത്തെത്തിയത്. വിശ്വാസവും വര്‍ഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണെന്നും വിശ്വാസികളെല്ലാം വര്‍ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും സി കെ നജാഫ് പറഞ്ഞിരുന്നു. ആര്‍എസ്എസിനെ നേരിടാന്‍ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല. കേരളത്തിലെ ഹൈന്ദവരില്‍ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവര്‍ കഴിക്കട്ടെ, പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂര്‍വം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കില്‍ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികള്‍ക്ക് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആര്‍എസ്എസുകാരല്ലെന്നും സി കെ നജാഫ് പറഞ്ഞിരുന്നു. ഇതിനെതിരെ എസ്എഫ്‌ഐ സംസ്ഥാന ജോയിന്റെ സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് രംഗത്തെത്തി. 'കേരള സ്റ്റോറി' വിഷയത്തില്‍ എംഎസ്എഫ് സ്വീകരിക്കുന്ന വിചിത്ര നിലപാട് കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഒറ്റുകൊടുക്കുന്നതും സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിന് വളം പകരുന്നതുമാണെന്നുമായിരുന്നു സയ്യിദ് മുഹമ്മദ് സാദിഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്.

Content Highlights- Muslim League termed the beef fest protest a politically motivated act intended to project solidarity with Muslims

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us