ഡോ. ബിന്ദു സുന്ദറിനെതിരായ നടപടി: ആറ്റുകാൽ പൊങ്കാല ബഹിഷ്കരിക്കും; സമരം സംസ്ഥാന വ്യാപകമാകും: കെജിഎംഒഎ

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്കരിക്കുമെന്ന് മെ‍ഡിക്കൽ ഉദ്യോ​ഗസ്ഥരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു

ഡോ. ബിന്ദു സുന്ദറിനെതിരായ നടപടി: ആറ്റുകാൽ പൊങ്കാല ബഹിഷ്കരിക്കും; സമരം സംസ്ഥാന വ്യാപകമാകും: കെജിഎംഒഎ
dot image

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ സമരം ശക്തമാക്കാൻ തീരുമാനിച്ച് കെജിഎംഒഎ (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ). ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്കരിക്കുമെന്ന് മെ‍ഡിക്കൽ ഉദ്യോ​ഗസ്ഥരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ഫെബ്രുവരി 23 ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരണം തുടരാനും ഫെബ്രുവരി 24 ന് തിരുവനന്തപുരം ജില്ല മുഴുവൻ ഒപി ബഹിഷ്കരണം നടത്താനുമാണ് സംഘടനയുടെ തീരുമാനം. സമരം ജില്ലാതലത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. മെഡിക്കൽ ഉദ്യോ​ഗസ്ഥരുടെ ജില്ലാ ജനറൽ ബോഡിയിലാണ് തീരുമാനം എടുത്തത്.

നവജാത ശിശു മരിച്ച സംഭവത്തില്‍ സസ്പെൻഡ് ചെയ്ത ഡോ. ബിന്ദു സുന്ദറിനെ തിരിച്ചെടുക്കണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. സർക്കാർ ഇതുവരെയും തങ്ങളുടെ ആവശ്യങ്ങൾ അം​ഗീരകരിച്ചിട്ടില്ലെന്ന് കെജിഎംഒഎ അറിയിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തതിലാണ് ഡോക്ടർമാരുടെ സംഘടന സമരം നടത്തുന്നത്. ആശുപത്രിയിലെ അടിയന്തരമല്ലാത്ത സേവനങ്ങൾ ബഹിഷ്‌കരിച്ചു കൊണ്ടാണ് ഡോക്ടർമാർ സമരം നടത്തുന്നത്. സസ്‌പെൻഷൻ നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് കെജിഎംഒഎ പറഞ്ഞത്. നെടുമങ്ങാട് ആശുപത്രിക്ക് പുറമെ ജില്ലാതലത്തിൽ നിസ്സഹകരണ സമരം ആരംഭിക്കുമെന്നും സംഘടന അറിയിച്ചിരുന്നു. ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും നിയമനടപടി വേണമെന്നും ഇവർ ആവശ്യം ഉന്നയിച്ചിരുന്നു.

സംഭവത്തിൽ നേരത്തെ കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു. നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാപിഴവുകൾ സംഭവിച്ചതായുള്ള ആരോപണങ്ങൾക്ക് പുറമെ കൈക്കൂലി വാങ്ങിയതായിട്ടുള്ള ആരോപണവും പ്രചരിച്ച സാഹചര്യത്തിലാണ് ഡോ ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്.

വിതുര സ്വദേശികളായ എൻ കെ നിരഞ്ജന കൃഷ്ണന്റെയും ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞ് മരിച്ചതിൽ ചികിത്സാ പിഴവ് നിലനിൽകെയായിരുന്നു സസ്പെൻഷൻ നടപടി. തിങ്കളാഴ്ച രാവിലെ പത്തിന് ഒൻപതാം മാസത്തെ സ്‌കാൻ റിപ്പോർട്ട് കാണിക്കാൻ ഗൈനക്കോളജി വിഭാഗത്തിൽ എത്തിയതായിരുന്നു നിരഞ്ജനയും ഭർത്താവും. തുടർന്ന് പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.30 ന് ലേബർ റൂമിൽ കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസവം നടന്നില്ലെങ്കിൽ ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു ഡോക്ടർ അറിയിച്ചിരുന്നത്. രണ്ട് മണിയായിട്ടും പ്രസവം ഉണ്ടായില്ല. തുടർന്ന് 2.20ന് ആംബുലൻസിൽ മറ്റൊരു കെട്ടിടത്തിലെ ശസ്ത്രക്രിയ തിയേറ്ററിലേക്ക് മാറ്റി. ഇവിടെ എത്തി പത്ത് മിനിറ്റിനുള്ളിൽ ശസ്ത്രക്രിയ കഴിഞ്ഞു. എന്നാൽ ശസ്ത്രക്രിയയിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Content Highlights: KGMOA decides to intensify strike over suspension of doctor in Nedumangad district hospital over death of newborn.

dot image
To advertise here,contact us
dot image