

കൽപറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ടൗൺഷിപ്പിലെ ആദ്യ ഘട്ടത്തിലെ വീടുകൾ കൈമാറുന്നതിനുള്ള നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ നൽകുന്ന 178 വീടുകൾക്കായുള്ള നറുക്കെടുപ്പാണ് ആരംഭിച്ചത്. വീട് ലഭിച്ചവരുടെ വികാരനിർഭരമായ നിമിഷങ്ങളെ കേരളമാകെ ചേർത്തുപിടിച്ചിരുന്നു.
പുനരധിവാസത്തിനായി സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് എഴുത്തുകാരി കെ ആർ മീര രംഗത്തുവന്നിരിക്കുകയാണ്. ചൂരൽമലയിൽ വീട് ലഭിച്ചവരുടെ ആനന്ദ കണ്ണീര് തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് കെ ആർ മീര പറഞ്ഞത്. ഇടതുപക്ഷം ആ ആനന്ദക്കണ്ണീരിന് ഒപ്പം നിൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
'ചൂരൽമലയിൽ വീട് ലഭിച്ച വീട്ടമ്മയുടെ ആനന്ദ കണ്ണീരിനാണ് തെരഞ്ഞെടുപ്പ് വിജയത്തേക്കാൾ പ്രാധാന്യം. ആ കണ്ണീരിന് ഒപ്പം നിൽക്കാൻ കഴിയുക എന്നതാണ് ഇടതുപക്ഷത്തിന് ചെയ്യാനുള്ളത്. അതിലുള്ള സന്തോഷം ഞാൻ പ്രകടിപ്പിക്കുന്നു,' കെ ആർ മീര പറഞ്ഞു. അന്താരാഷ്ട്ര പഠന കോൺഗ്രസിലാണ് മീരയുടെ പരാമർശം. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പിണറായി വിജയനല്ലാതെ മറ്റൊരു മുഖ്യമന്ത്രിയും ആകുലത പ്രകടിപ്പിച്ചതായി കണ്ടിട്ടില്ലെന്നും മീര കൂട്ടിച്ചേർത്തു.
വീടും ഏഴ് സെന്റ് സ്ഥലവുമാണ് ടൗൺഷിപ്പിൽ ദുരന്തബാധിതർക്ക് ലഭിക്കുക. കൈമാറിയ വീടുകൾക്കുള്ള പട്ടയവും വൈദ്യുതി കണക്ഷനുമെല്ലാം പരിപാടിയിൽ വെച്ച് തന്നെ നൽകി. അതിനുള്ള പ്രത്യേക കൗണ്ടറുകളും ചടങ്ങിൽ ഒരുക്കിയിരുന്നു. വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിലെ വീടുകളുടെ താക്കോൽദാനം ഈ മാസം 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
Content Highlights : K R Meera congrats Kerala Govt on giving house to Chooralmala disaster affected people