

കൊച്ചി: തദ്ദേശ ഓംബുഡ്‌സ്മാന്‍ നിയമനത്തില്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന്റെ നിയമനത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമനത്തില്‍ പഞ്ചായത്ത് രാജ് നിയമത്തിലെ വ്യവസ്ഥ പാലിച്ചിട്ടുണ്ട്. ഉപലോകായുക്ത ചുമതല വഹിച്ചയാളെ തദ്ദേശ ഓംബുഡ്‌സ്മാനായി നിയമിക്കാം. ലോകായുക്തയും ഉപലോകായുക്തയും സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന സ്ഥാനമല്ല. ലോകായുക്തയും ഉപലോകായുക്ത ചുമതലയ്ക്ക് മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണമില്ല. അവ സ്വതന്ത്ര നിയമാനുസൃതം സ്ഥാപിതമായി സ്വതന്ത്ര ചുമതലകളാണ് എന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന്റെ നിയമനം നിയമ വിരുദ്ധതയുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നിയമനത്തില്‍ വ്യക്തത വരുത്തുന്നത്. സമാന സ്വഭാവമുള്ള നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല ഹൈക്കോടതി വിധിയുണ്ട്. 2009ലെയും 2020ലെയും വിധി തദ്ദേശ ഓംബുഡ്‌സ്മാന്‍ നിയമനത്തിലും ബാധകമാണ് എന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിയെ വേണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ആയി നിയമിക്കാന്‍ എന്നാണ് പഞ്ചായത്ത് രാജ് നിയമത്തിലെ വ്യവസ്ഥ. പഞ്ചായത്ത് രാജ് നിയമത്തിലെ ഈ വ്യവസ്ഥ പാലിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേരള ലോകായുക്ത നിയമം അനുസരിച്ച് ലോകായുക്തയോ ഉപലോകായുക്തയോ ആയിരുന്നയാള്‍ക്ക് പിന്നീട് സര്‍ക്കാരിലെ പദവി വഹിക്കാനാവില്ല. കേരള ലോകായുക്ത നിയമത്തില്‍ ഇതിന് വിലക്കുണ്ട്. എന്നാല്‍ ലോകായുക്തയോ ഉപലോകായുക്തയോ ആയിരുന്ന വ്യക്തിയെ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ നിയമനത്തില്‍ വിലക്കില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
നിലപാടിന് ആധാരമായി രണ്ട് ഹൈക്കോടതി വിധികളും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.
ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എം എം പരീത് പിള്ള നേരത്തെ കേരള ലോകായുക്ത ആയിരുന്നു. ഇതിന് ശേഷം ജസ്റ്റിസ് എം എം പരീത് പിള്ളയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം നിയമം മൂലം സ്ഥാപിതമായ സ്വതന്ത്ര പദവിയാണ്. ഇത് സര്‍ക്കാര്‍ പദവിയല്ല എന്ന് ഹൈക്കോടതി 2009ലെ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ലോകായുക്ത - ഉപലോകായുക്ത നിയമനങ്ങളില്‍ സര്‍ക്കാരും നിയമനം നേടുന്നവരും തമ്മില്‍ തൊഴിലുടമ - തൊഴിലാളി ബന്ധം ഇല്ലെന്നാണ് ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി വിധി. ലോകായുക്തയും ഉപലോകായുക്തയും സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്യുന്ന സ്ഥാനമല്ല. ബന്ധപ്പെട്ട ചുമതലയ്ക്ക് മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണമില്ല. ലോകായുക്തയും ഉപലോകായുക്തയും സ്വതന്ത്ര ചുമതലകളാണ് എന്നും ഹൈക്കോടതി വിധിയിലുണ്ട്. പ്രസ്തുത നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിട്ടുണ്ട് എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
2020ല്‍ സുബ്രമണ്യന്‍ കേസിലും ഹൈക്കോടതി സമാന വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ജസ്റ്റിസ് ജി ശശിധരനെ പിന്നോക്ക കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചതും ഹൈക്കോടതി പിന്നീട് ശരിവെച്ചു. ലോകായുക്തയ്ക്ക് തുല്യവും നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതവുമായ സ്ഥാനമാണ് തദ്ദേശ ഓംബുഡ്‌സ്മാന്റേത്. ബന്ധപ്പെട്ട കേസുകളിലെ ഹൈക്കോടതി വിധി ജസ്റ്റിസ് ബാബു മാത്യൂ പി ജോസഫിന്റെ വിധിയിലും ബാധകമാണ് എന്നുമാണ് സര്‍ക്കാര്‍ നിയമവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ ഓംബുഡ്സ്മാനായി നിയമിക്കാൻ തീരുമാനിച്ചത്.
Content Highlights: State government responds to controversies over appointment of local body ombudsman