

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. കെഎസ്‌യു നേതാവ് നൽകിയ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പ്രാഥമികാന്വേഷണത്തിനുള്ള അനുമതി സർക്കാർ നിഷേധിച്ചു. ദിവ്യക്കെതിരെ തെളിവുകളുടെ അഭാവമുണ്ടെന്നും പരാതി തദ്ദേശ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു.
കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് ദിവ്യയ്ക്കെതിരായി വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി പി ദിവ്യ കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിച്ചെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിൽനിന്നും നിർമാണ കരാറുകൾ ലഭിച്ചുവെന്നുമായിരുന്നു ആരോപണം. അതിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഈ പരാതി സംസ്ഥാന വിജിലൻസ് അന്വേഷിക്കേണ്ട എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഒരാഴ്ചയ്ക്കകം വിജിലൻസ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അഴിമതി നിരോധന വകുപ്പ് പ്രകാരം, പി പി ദിവ്യയോ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയോ ഇടപെട്ടതിനെ തെളിവുകളില്ല. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോ എന്നത് അന്വേഷിക്കാം. പക്ഷെ അത് അന്വേഷിക്കുന്നത് തദ്ദേശ വകുപ്പിലെ വിജിലൻസ് ആകണമെന്നും സർക്കാർ നിലപാടെടുത്തു. ഇതിൽ അഴിമതി കണ്ടെത്തിയാൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാമെന്നും സർക്കാർ വ്യക്തമാക്കി. ഈ നിലപാട് സർക്കാർ ഉടൻ ഹൈക്കോടതിയെ അറിയിക്കും.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി കൂടിയാണ് പി പി ദിവ്യ. ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി പി പി ദിവ്യ എത്തുകയും കളക്ടർ അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് നവീൻ ബാബു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്.
ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 82 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
Content Highlights: The Kerala government has declined permission for a vigilance probe against former Kannur District Panchayat President PP Divya. The decision came after a KSU leader filed a complaint alleging disproportionate asset accumulation.