ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി

സ്ത്രീയെന്ന നിലയില്‍ എസ് ജയശ്രീക്ക് ചില പരിഗണനയ്ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി
dot image

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കസ്റ്റഡി അനിവാര്യമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കാത്ത സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സത്രീയെന്ന നിലയില്‍ എസ് ജയശ്രീക്ക് ചില പരിഗണനയ്ക്ക് അര്‍ഹതയുണ്ടെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. എസ്‌ഐടി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സുപ്രീംകോടതി നിദേശിച്ചിട്ടുണ്ട്.

ഈ കേസിൽ അറസ്റ്റ് തടഞ്ഞ് ജയശ്രീക്ക് പ്രത്യേക ആനുകൂല്യമാണ് നൽകിയതെന്ന് സുപ്രീംകോടതി പറഞ്ഞു. സ്ത്രീ എന്ന പരിഗണനയാണ് നൽകിയതെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ദേവസ്വം ബോർഡിൽ എൽഡി ക്ലർക്ക് ആയി കയറി സെക്രട്ടറിയായ ജയശ്രീക്ക് ശബരിമലയിലേത് സ്വർണപാളിയാണോ ചെമ്പ് പാളിയാണോ എന്നത് അറിയില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. എസ് ജയശ്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന എസ്‌ഐടിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

ശബരിമലയില്‍ ജോലി ചെയ്തിട്ടില്ലെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും ശബരിമലയില്‍ പോയിട്ടില്ലെന്നും ജയശ്രീ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ദ്വാരപാലക ശിൽപ പാളികള്‍ സന്നിധാനത്തിന് പുറത്തുകൊണ്ട് പോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും തിരുവാഭരണ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ പണികള്‍ നടത്താനാണ് അനുമതി നല്‍കിയതെന്നും മുൻ ജയശ്രീ സുപ്രീംകോടതിയിൽ വാദിച്ചു. ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ തിരുത്ത് വരുത്തിയിട്ടില്ലെന്നും ബോര്‍ഡ് തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights: Supreme Court grants anticipatory bail to former Devaswom Secretary S Jayashree in Sabarimala gold robbery case

dot image
To advertise here,contact us
dot image