അസാധാരണ വിജ്ഞാപനത്തിലൂടെ മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ല; ബാർ സമയമാറ്റത്തെ എതിർത്ത് ഓർത്തഡോക്സ് സഭ

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തിടുക്കത്തില്‍ ഈ ബില്‍ കൊണ്ടുവന്നതിന് പിന്നിലെ താല്‍പര്യം വ്യക്തമാണെന്നും സഭ ചൂണ്ടിക്കാണിച്ചു

അസാധാരണ വിജ്ഞാപനത്തിലൂടെ മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ല; ബാർ സമയമാറ്റത്തെ എതിർത്ത് ഓർത്തഡോക്സ് സഭ
dot image

കോട്ടയം: ബാര്‍ സമയമാറ്റത്തില്‍ വിയോജിപ്പ് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കികൊല്ലുന്ന നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയും പകലും മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ലെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ പ്രസ്താവിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തിടുക്കത്തില്‍ ഈ ബില്‍ കൊണ്ടുവന്നതിന് പിന്നിലെ താല്‍പര്യം വ്യക്തമാണ്. പുതിയ തീരുമാനം സാമൂഹിക ആരോഗ്യത്തിനും പൊതുജനക്ഷേമത്തിനും ഗൗരവമായ ഭീഷണിയുണ്ടാക്കും. ലഹരി ഉപയോഗത്തെ സാധാരണവത്കരിക്കാനും ഇത് കാരണമാകുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

മദ്യത്തിന്റെ ലഭ്യതയും പ്രവര്‍ത്തന സമയവും നീട്ടുന്നത് യുവ തലമുറയെ വഴി തെറ്റിക്കാന്‍ കാരണമാകും. പൊതുജനാരോഗ്യവും ലഹരിവിരുദ്ധ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. എന്നാല്‍ പുതിയ തീരുമാനം സംസ്ഥാനത്തെ മദ്യത്തില്‍ മുക്കി കൊല്ലും. ടൂറിസത്തിന്റെ പേരില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നത് പഠനങ്ങളോ ആലോചനകളോ ഇല്ലാതെയാണ്. ഈ നിയമം അടിയന്തരമായി റദ്ദ് ചെയ്ത് മദ്യവിമുക്ത സമൂഹ സൃഷ്ടിക്ക് സാഹചര്യമൊരുക്കണമെന്നും ബിജു ഉമ്മന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ബാറുകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍ ഇനിമുതല്‍ രാവിലെ 10 മുതല്‍ രാത്രി 12 മണി വരെയായിരിക്കും പ്രവര്‍ത്തന സമയം. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് വിനോദസഞ്ചാര പരിപാടികളുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ അധിക വാര്‍ഷി ഫീസ് അടച്ചാല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കും.

ബാറുടമകളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ബാറുകള്‍ക്ക് 2 മണിക്കൂര്‍ അധികം പ്രവര്‍ത്തിക്കാനാകും. എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനമാണിതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കണമെന്നത് ഉടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. പുതിയ മദ്യനയത്തിലെ ശുപര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നടപ്പാക്കുന്നതെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു.

Content Highlight; Orthodox Church expresses disagreement with bar time change

dot image
To advertise here,contact us
dot image