

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറി മത്സരിക്കുന്നു എന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി റിപ്പോർട്ടറിനോട്. പാർട്ടി അനുവദിച്ചാൽ ഇത്തവണയും ചടയമംഗലത്ത് തന്നെ മത്സരിക്കുമെന്ന് ചിഞ്ചുറാണി പറഞ്ഞു.
വീണ്ടും മത്സരിക്കാൻ അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചടയമംഗലം എന്നും ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണ്. ഒട്ടേറെ വികസനങ്ങളാണ് മണ്ഡലത്തിലുണ്ടായത്. ഇനി ആര് മത്സരിച്ചാലും ചടയമംഗലത്ത് ഇടതുപക്ഷം ജയിക്കും. മണ്ഡലം മാറി മത്സരിക്കുമോ സ്ഥാനാർത്ഥിയാകുമോ എന്നതെല്ലാം പാർട്ടിയാണ് തീരുമാനിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടി ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ല, ചർച്ചയും നടത്തിയിട്ടില്ല. മണ്ഡലം മാറി മത്സരിക്കുമെന്ന അഭ്യൂഹങ്ങളെല്ലാം അവഗണിച്ച് കളയുകയാണെന്നും ചിഞ്ചുറാണി പറഞ്ഞു.
പാർട്ടി അനുവദിച്ചാൽ രണ്ടാം തവണയും ചടയമംഗലത്ത് നിൽക്കുകയും വിജയിക്കുകയും ചെയ്യും. വികസന തുടർച്ചക്കായാണ് ചടയമംഗലത്ത് മത്സരിക്കുന്നത്. മത്സരിക്കാൻ അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ചിഞ്ചുറാണി പറഞ്ഞു.
Content Highlights: Dairy Development and Animal Husbandry Minister J Chinchu Rani says that the news of contesting the assembly elections from another constituency is baseless