

തിരുവനന്തപുരം: സിപിഐഎമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ കൂടെനിര്‍ത്താനുള്ള നീക്കം സജീവമാക്കി കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക ചര്‍ച്ച നടക്കും. പ്രേംകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനും സാധ്യതയുണ്ട്.
അതേസമയം, പാര്‍ട്ടിക്കെതിരെ അതൃപ്തി പരസ്യമാക്കിയ പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐഎം. മുതിര്‍ന്ന നേതാവ് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ പ്രേംകുമാറിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നിരുന്നില്ല. പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് പോകില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.
ഇടതു സഹയാത്രികന്‍ എന്ന നിലയില്‍ തുടരുമെന്നും പ്രേംകുമാറിനോട് പാര്‍ട്ടി സംസാരിക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഒരു വഴിയും അടഞ്ഞിട്ടില്ല. നിരവധി മാര്‍ഗ്ഗങ്ങള്‍ മുന്നിലുണ്ട്. സംസാരിച്ചാല്‍ തീരാവുന്ന പരിഭവമേ പ്രേംകുമാറിന് ഉള്ളൂ. എഫ്ബി പോസ്റ്റിട്ടപ്പോള്‍ തന്നെ പ്രേംകുമാറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അന്ന് അദ്ദേഹത്തെ കിട്ടിയിരുന്നില്ല. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത് കാലാവധി തീര്‍ന്നതുകൊണ്ട് മാത്രമാണെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.
തനിക്ക് ഇല്ലാത്ത എന്തോ അത്ഭുത സിദ്ധി സച്ചിദാനന്ദന് ഉണ്ടെന്ന് പരിഹസിച്ച പ്രേംകുമാര്‍ ചലച്ചിത്ര മേളയുടെയും സിനിമാ അവാര്‍ഡ് നിര്‍ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ ഒരു വാക്ക് പോലും പറയാതെയാണ് മാറ്റിയതെന്നും പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ഉയര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രേംകുമാറുമായി ഫോണില്‍ സംസാരിച്ചു. കെ സി വേണുഗോപാല്‍ നാളെ പ്രേംകുമാറിനെ നേരിട്ട് കാണുമെന്നാണ് വിവരം. ഇതിനിടെയായിരുന്നു പ്രേംകുമാറിനെ കാണാനായി കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്.
Content Highlights: Congress move to hold Prem Kumar who has distanced himself from CPIM