'എ സുരേഷ് വന്നാൽ സ്വീകരിക്കും, മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ല'; പാലക്കാട് DCC അധ്യക്ഷൻ എ തങ്കപ്പൻ

സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കം സംബന്ധിച്ച് ഡിസിസിയോട് കെപിസിസി നേതൃത്വം അഭിപ്രായം തേടിയിട്ടില്ലെന്ന് തങ്കപ്പൻ

'എ സുരേഷ് വന്നാൽ സ്വീകരിക്കും, മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ല'; പാലക്കാട് DCC അധ്യക്ഷൻ എ തങ്കപ്പൻ
dot image

പാലക്കാട്: അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ പ്രതികരിച്ച് ഡിസിസി നേതൃത്വം. സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കം സംബന്ധിച്ച് ഡിസിസിയോട് കെപിസിസി നേതൃത്വം അഭിപ്രായം തേടിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ അധ്യക്ഷൻ എ തങ്കപ്പൻ പറഞ്ഞു. സുരേഷിനെ മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ല. പാർട്ടിയിലേക്ക് വരുന്ന എല്ലാവരെയും സ്വീകരിക്കും. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് കെപിസിസിയാണ്. എ സുരേഷ് അടക്കമുള്ളവർ പാർട്ടിയിൽ വന്നാൽ സ്വീകരിക്കുമെന്നും എ തങ്കപ്പൻ റിപ്പോർട്ടറിനോട് പറഞ്ഞു.

വി എസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയിൽ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായും ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചുവെന്നുമായിരുന്നു വിവരം. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മലമ്പുഴയിൽ സുരേഷ് മത്സരിച്ചാൽ വിജയിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

അതേസമയം കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് സുരേഷ് സ്ഥിരീകരിച്ചു. സംസ്ഥാന നേതാക്കളാണ് തന്നെ സമീപിച്ചതെന്നും എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ താൻ ഉറപ്പ് നൽകിയിട്ടില്ലെന്നും സുരേഷ് റിപ്പോർട്ടറിനോട് പറഞ്ഞു. പല കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിലാണ് സ്ഥാനാർത്ഥിയാക്കാമെന്നും യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാമെന്നും കോൺഗ്രസ് പറഞ്ഞത്. താൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവി ആണെന്നും സുരേഷ് പറഞ്ഞു.

'എന്തിനാണ് പാർട്ടി പുറത്താക്കിയത് എന്ന് ഇനിയും മനസിലായിട്ടില്ല. നിരവധി അപ്പീലുകൾ പാർട്ടിയിൽ നൽകിയിട്ടും മറുപടി ലഭിച്ചിട്ടില്ല. മത്സരിക്കണം എന്ന കാര്യമൊന്നും ഞാൻ മനസിലേക്ക് എടുത്തിട്ടില്ല. മറ്റൊരു പാർട്ടിയിൽ ചേരാനും എനിക്ക് താത്പര്യമില്ല. ഇടതുപക്ഷത്തുള്ളവരും അല്ലാത്തതുമായ സുഹൃത്തുക്കളുമായി എനിക്ക് ആലോചിക്കാനുണ്ട്. വരുംദിവസങ്ങളിൽ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം' എന്നും സുരേഷ് പറഞ്ഞു

ദീർഘകാലമായി പാർട്ടിയുമായി അകന്നുനിൽക്കുകയാണ് സുരേഷ്. കൽമണ്ഡപം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സുരേഷ് 2002ലാണ് വി എസിനൊപ്പം ചേരുന്നത്. 2008ൽ പാർട്ടിവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി എന്ന കാരണത്താൽ സുരേഷിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.

Content Highlights: Palakkad DCC leadership reacts on Congress move to field A Suresh at malampuzha, former personal assistant of V S Achuthanandan

dot image
To advertise here,contact us
dot image