ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

യഥാർത്ഥത്തിൽ പോറ്റിയെ സഹായിച്ചത് ആരെന്ന് കണ്ടുപിടിക്കാൻ ആർക്കും താല്പര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ
dot image

കൊച്ചി: ബിജെപി നേതാക്കൾക്കൊപ്പമുള്ള പോറ്റിയുടെ ചിത്രം പുറത്തുവന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തലച്ചോർ ഉപയോഗിക്കൂ എന്ന് മറുപടി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖ‍ർ. വേണ്ടാത്തത് പറയരുതെന്നും കള്ളൻ പോറ്റിക്ക് പിന്തുണ നൽകിയത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളം ഭരിച്ചിട്ടില്ല. കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് ഉത്തരവാദിയെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ശബരിമല സ‍്വര്‍ണക്കൊള്ള അന്വേഷണത്തിന് വിജിലൻസ് വന്നിട്ടും കാര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഒക്ടോബർ മൂന്നിന് പറഞ്ഞത് ആവർത്തിക്കുന്നു.കേരളത്തിൽ രണ്ട് പാർട്ടികളും തമ്മിൽ അന്തർധാരയുണ്ട്.ആരാണ് കുറ്റക്കാരൻ എന്ന് കണ്ടുപിടിക്കാൻ രണ്ടുപേർക്കും താല്പര്യമില്ല.കള്ളൻ പോറ്റി സോണിയുടെ ആളാണെന്ന് ഒരാൾ പറയുന്നു.പിണറായിയുടെ ആളാണെന്ന് മറ്റൊരാൾ പറയുന്നു.യഥാർത്ഥത്തിൽ പോറ്റിയെ സഹായിച്ചത് ആരെന്ന് കണ്ടുപിടിക്കാൻ ആർക്കും താല്പര്യമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഇന്നാണ് ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചത്. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൺ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്തിന്‍റെ ദൃശ്യങ്ങളാണ് റിപ്പോർട്ടറിന് ലഭിച്ചത്. ബെംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് സദാനന്ദ ഗൗഡ പരിപാടിക്കെത്തിയത്.

2020 ജനുവരി മാസമാണ് സ്വർണ്ണവാതിൽ സമർപ്പിച്ചത്. 2020 -21 കാലഘട്ടങ്ങളിലെ ചിത്രങ്ങളാണിത്. കർണാടകയുടെ മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന സദാനന്ദ ഗൗഡ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുമ്പോൾ കേന്ദ്രമന്ത്രി കൂടിയായിരുന്നു. ഉപമുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് അശ്വന്ത് നാരായൺ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്. മണിക്കൂറുകളോളം ഇരു നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് എംപിയുമായ അടൂർ പ്രകാശ്, സിപിഐഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റി പോറ്റിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിരവധി തവണ വന്നിരുന്നുവെന്നതിനുള്ള തെളിവുകൾ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. ആദ്യതവണ കടകംപള്ളി സുരേന്ദ്രൻ വന്നപ്പോൾ ഒപ്പം സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു. ഡിഗ്രിക്ക് റാങ്ക് ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നൽകുന്ന ചിത്രവും റിപ്പോർട്ടർ ടി വി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Content Highlight : BJP state president Rajeev Chandrasekhar reacts after pictures of him with BJP leaders surfaced in Bengaluru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us