

കോഴിക്കോട്: വംശഹത്യയുടെ ജൈവ- ഭൗമ-വംശീയ രാഷ്ട്രീയം ചര്ച്ച ചെയ്ത് ഗുഫ്തുഗു ഫിലിം ഫെസ്റ്റിവല് 2026. ഫെബ്രുവരി എട്ട് ഞായറാഴ്ച കോഴിക്കോട് ശിക്ഷക് സദനിലായിരുന്നു ഏകദിന പരിപാടി സംഘടിപ്പിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബി ഉദ്ഘാടനം നിര്വഹിച്ചു. 'ഗുഫ്തുഗു' പോലെയുള്ള കലാ-സാംസ്കാരിക കൂട്ടായ്മകളുടെ ആവശ്യകത വര്ധിച്ചുവരുന്ന കാലമാണിതെന്ന് ജിയോ ബേബി എടുത്തുപറഞ്ഞു.
വംശഹത്യ പ്രമേയമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില് നിരവധി സാംസ്കാരിക പ്രവര്ത്തകരും സിനിമ പ്രവര്ത്തകരും പങ്കെടുത്തു. 'വംശഹത്യയുടെ ഇടനിലക്കാര്' എന്ന വിഷയത്തില് നടന്ന ചര്ച്ചയില് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ ഇ എന്, ഗസ്സയിലുള്പ്പെടെ പ്രവര്ത്തനപരിചയമുള്ള ഡോ. സന്തോഷ് കുമാര്, ആക്ടിവിസ്റ്റ് നിഹാരിക പ്രദോഷ് എന്നിവര് സംസാരിച്ചു.വംശഹത്യയുടെ വിവിധ രൂപങ്ങള്, ജൈവശാസ്ത്ര കാരണങ്ങള്, നേരനുഭവങ്ങള് എന്നിവകൊണ്ട് സമ്പന്നമായിരുന്നു ചര്ച്ച.
വംശഹത്യയുടെ ഭീകരത മരണസംഖ്യകളിലോ അതിന്റെ രൂപത്തിലോ മാത്രമൊതുങ്ങുന്നതല്ല, വംശഹത്യാനന്തരം അതിജീവിക്കുന്നവരുടെ നിത്യജീവിതവും ഈ ഭീകരതയുടെ ബാക്കിപത്രമാണെന്നും ചര്ച്ച അഭിപ്രായപ്പെട്ടു. പ്രതിരോധത്തിന്റെ സാധ്യതകള് കൂടി അന്വേഷിച്ച ചര്ച്ച നിയന്ത്രിച്ചത് കെ.ഇ.എന് ആയിരുന്നു. ഫലസ്തീനില് പ്രവര്ത്തിച്ചു പരിചയമുള്ള ഡോ. സന്തോഷ് കുമാര് പങ്കുവെച്ച നേരനുഭവങ്ങള് സദസ്സില് ഞെട്ടലുണ്ടാക്കി. ഭരണകൂട സമീപനങ്ങളും ജനകീയ പ്രതിരോധത്തിന്റെ സാധ്യതയിലുമൂന്നിയായിരുന്നു പാനലിസ്റ്റായ നിഹാരിക സംസാരിച്ചത്.
അതേസമയം, സിനിമ മേഖലയുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്കും ഗുഫ്തുഗു ഫിലിം ഫെസ്റ്റിവല് വേദിയായി. സംവിധായകരായ സുധ ലൂണ, കുഞ്ഞില മസിലാമണി, അഫ്രദ് വികെ, എഴുത്തുകാരി ദീദി ദാമോദരന് എന്നിവര് ചര്ച്ചയില് പങ്കെടുത്തു. മാധ്യമപ്രവര്ത്തക ചന്ദ്ര സ്വസ്തിയായിരുന്നു ചര്ച്ച നയിച്ചത്. ലിംഗ നീതിയുടെ കാര്യത്തില് മലയാള സിനിമ പിന്നോട്ടുനടക്കുകയാണെന്ന് വിമര്ശനമുയര്ന്ന ചര്ച്ചയില്, പ്രോപഗണ്ട സിനിമകളും സംസാര വിഷമായി. ഒളിച്ചുകടക്കുന്ന സ്ത്രീ വിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും പ്രോപഗണ്ട സിനിമകളെ പോലെ തന്നെ അപകടകരമാണെന്നായിരുന്നു ദീദി ദാമോദരന് അഭിപ്രായപ്പെട്ടത്. പി ഭാസ്കരന്, രാമു കാര്യാട്ട് ചേര്ന്ന് സംവിധാനം ചെയ്ത 'നീലക്കുയില്' മുതലുള്ള സിനിമകളില് അത്തരം സ്ത്രീ വിരുദ്ധത വ്യക്തമാണെന്നും ദീദി ചൂണ്ടിക്കാട്ടി.
'കാതല്' സിനിമ എടുത്തതിന്റെ പേരില് തന്റെ മക്കള്ക്ക് സ്കൂളിലും താമസസ്ഥലത്തുമൊക്കെ നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളും കളിയാക്കലുകളും ജിയോ ബേബി എടുത്തുപറഞ്ഞു. സമൂഹത്തിന്റെ തിരിഞ്ഞുനടത്തില് ആശങ്ക പ്രകടിപ്പിക്കുന്നതായിരുന്നു കുഞ്ഞിലയുടെയും സുധ ലൂണയുടെയും പ്രതികരണങ്ങള്. ദുരന്തര് പ്രോപഗണ്ട പടമാണെന്നതില് ഒരു സംശയവും വേണ്ടെന്നു പറഞ്ഞ സുധ ലൂണ, അതെങ്ങനെയാണ് നല്ല ടെക്നിക്കല് ബ്രില്യന്സ് ഉള്ള ചിത്രമാണെന്ന് പറയുകയെന്നും ചോദിച്ചു. ഗായകന് കബീര് ഇബ്രാഹിം അവതരിപ്പിച്ച ഗസല് സന്ധ്യയോടു കൂടിയായിരുന്നു പരിപാടിക്ക് തിരശീല വീണത്.
Content Highlight; Guftugu Film Festival 2026 begins in Kozhikode